മലേഷ്യന്‍ വിമാനം തകര്‍ന്നത് മിസൈല്‍ ആക്രമത്തില്‍; റഷ്യ ചിത്രം പുറത്തുവിട്ടു

ശനി, 15 നവം‌ബര്‍ 2014 (17:00 IST)
298 പേരുടെ മരണത്തിനിടയാക്കിയ മലേഷ്യന്‍ വിമാന ദുരന്തത്തിന്റെ പ്രതിപ്പട്ടികയില്‍ നില്‍ക്കുന്ന റഷ്യ തങ്ങളുടെ നിരപരാധിത്വം വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പുറത്ത് വിട്ടു.

298 പേരുമായി യാത്ര ചെയ്തിരുന്ന വിമാനത്തിന് നേര്‍ക്ക് മിസൈല്‍ പറന്നടുക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങളാണ് റഷ്യ പുറത്ത് വിട്ടത്. ഇതോടെ വിമാനം വെടിവെച്ചിട്ടത് ഉക്രൈന്‍ യുദ്ധവിമാനമാണെന്ന റഷ്യയുടെ വാദം ശക്തമാകുകയും ചെയ്തു. ബ്രിട്ടീഷ് യുഎസ് ഉപഗ്രഹങ്ങളാണ് ചിത്രം പകര്‍ത്തിയത്. ഇതോടെ തങ്ങളാണ് വിമാനം തകര്‍ത്തതെന്ന ആരോപണത്തിനുള്ള ഉത്തരമാണ് റഷ്യ നല്‍കിയത്. നേരത്തെ റഷ്യയുടെ സഹായത്തോടെ റഷ്യന്‍ അനുകൂല വിമതരാണ് വിമാനം തകര്‍ത്തതെന്ന പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു.

വിമാനം തകര്‍ക്കപ്പെടുന്ന സമയത്ത് അതേ പാതയില്‍ തന്നെ മറ്റൊരു വിമാനവും കടന്നു പോയ വാര്‍ത്ത റഷ്യ പുറത്ത് വിട്ടിരുന്നു. അതേസമയം ഉക്രൈനും പാശ്ചാത്യ രാജ്യങ്ങളും ഈ വിവരം മറച്ചുവയ്ക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. ജൂലൈ 14ന് ആണ് ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വലാലംപൂരിലേക്ക് പോകുകയായിരുന്ന എംച്ച് 17 വിമാനം യുക്രൈന്‍-റഷ്യ അതിര്‍ത്തിയില്‍ തകര്‍ന്നു വീഴുകയായിരുന്നു.  280 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകര്‍ത്തത് റഷ്യയാണെന്ന് ഉക്രൈന്‍ അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ആരോപണം നടത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക