സൗദിയില്‍ ഹൂതി വിമതരുടെ ഷെല്ലാക്രമണം; മലയാളി യുവാവ് മരിച്ചു

തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (08:49 IST)
ഹൂതി വിമതര്‍ സൌദിയില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. 25വയസ്സായിരുന്നു. അപകടത്തില്‍ മലപ്പുറം സ്വദേശി ഫൈസലിന് പരുക്കേറ്റു. യെമനുമായി സൌദി അതിര്‍ത്തി പങ്കിടുന്ന ജിസാനിലായിരുന്നു വിഷ്ണു താമസിച്ചിരുന്നത്. ശക്തമായ ഷെല്ലാക്രമണത്തില്‍ വിഷ്‌ണും താമസിക്കുന്ന ഹോസ്‌റ്റല്‍ കെട്ടിടം തകരുകയായിരുന്നു.

നാലുമാസം മുമ്പാണ് വിഷ്‌ണു സൌദിയിലേക്ക് പോയത്. സൌദിയിലെ സാംതയില്‍ ഒരു സ്‌റ്റുഡിയോയിലാണ് വിഷ്‌ണു ജോലി ചെയ്‌തിരുന്നത്. ഉച്ചഭക്ഷണം കഴിക്കാന്‍ വിഷ്ണു ഫ്‌ലാറ്റിലെത്തിയപ്പോള്‍ ഷെല്‍ റൂമിലേക്ക് പതിക്കുകയായിരുന്നു.  സാംത ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.

രണ്ട് ദിവസത്തിനിടെ ജിസാനില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാലിയാണ് വിഷ്ണു. കഴിഞ്ഞ ദിവസം നടന്ന വിമതരുടെ ആക്രമണത്തില്‍ കൊച്ചി മട്ടാഞ്ചേരി സ്വദേശിയായ ഫറൂക്ക് കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഹൂതികളുടെ ആക്രമണത്തില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം രണ്ടായി. മലയാളികളുള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്കു ഹൂതികളുടെ റോക്കറ്റാക്രമണത്തില്‍ ജിസാനില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക