വെള്ളിയാഴ്ച മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിലുണ്ടായ ക്രെയിനപകടത്തില്‍ 11ഇന്ത്യക്കാര്‍ മരിച്ചതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ന് വൈകീട്ട് ഒൻപത് ഇന്ത്യക്കാർ കൂടി മരിച്ചതായി ബന്ധുക്കൾ തിരിച്ചറിഞ്ഞു. നേരത്തെ ഒരു മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ മരിച്ചതായി വ്യക്തമായിരുന്നു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ 11 പേര്‍ ഇന്ത്യക്കാരാണ്.
വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാപിച്ച ക്രെയിനുകളിലൊന്നാണ് തകര്‍ന്നുവീണത്. ക്രെയിന്‍ വീണതിനൊപ്പം കെട്ടിടഭാഗങ്ങള്‍കൂടി തകര്‍ന്നുവീണതാണ് ദുരന്തത്തിന്റെ ആക്കംകൂട്ടിയത്. കനത്ത കാറ്റും മഴയും മൂലം ക്രെയിൻ പൊട്ടിവീഴുകയായിരുന്നു. വൈകിട്ട് അഞ്ചു മണിക്കു ശേഷമായിരുന്നു അപകടം. മഗ്‌രിബ് നമസ്‌കാരത്തിനായി തീർഥാടകർ ഹറമിലേക്ക് എത്തുന്ന സമയമായതും ദുരന്തവ്യാപ്‌തി കൂട്ടി. അപകടത്തില്‍ 107 പേര്‍ മരിച്ചതായാണ് കണക്കുകള്‍.
സംഭവത്തെക്കുറിച്ച് സൗദി സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫെയ്സലാണ് അന്വേഷണം പ്രഖ്യാപിച്ചത്. കനത്ത കാറ്റും മഴയുമാണ് അപകടത്തിനുകാരണമെന്ന് പ്രതിരോധമന്ത്രാലയത്തിലെ ജനറല്‍ സുലൈമാന്‍ അല്‍-അമര്‍ പറഞ്ഞു. ഹജ്ജ് തീര്‍ഥാടനം മുടക്കംകൂടാതെ മുന്നോട്ടുപോകുമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അറിയിച്ചു.