റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്‍ ജര്‍മന്‍ സ്വേച്ഛാധിപതി ഹിറ്റ്‌ലറുടെ പാതയിലാണെന്ന് പറഞ്ഞ ചാള്‍സ് രാജകുമാരന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി റഷ്യ.
പുതിന്റെ ഇപ്പോഴത്തെ തീരുമാനങ്ങള്‍ ഹിറ്റ്‌ലറുടേതിന് സമാനമാണെന്നാണ് ചാള്‍സ് രാജകുമാരന്‍ പറഞ്ഞത്. രണ്ടാംലോക മഹായുദ്ധക്കാലത്ത് നാസികളുടെ പിടിയില്‍ നിന്ന് രക്ഷനേടിയ ജൂതവംശജയായ മെറിന്‍ ഫെര്‍ഗൂസനുമായി കാനഡയില്‍ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു വിവാദ പരാമര്‍ശം.
വിവാദ പ്രസ്താവനയ്‌ക്കെതിരെ ബ്രിട്ടനോട് റഷ്യ വിശദീകരണം തേടി. പ്രതിഷേധം നേരിട്ടറിയിക്കാന്‍ റഷ്യന്‍ നയതന്ത്ര പ്രതിനിധികള്‍ ബ്രിട്ടീഷ് വിദേശകാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ കാണും. അതേസമയം, സ്വകാര്യ സംഭാഷണത്തിലാണ് അഭിപ്രായപ്രകടനമെന്നും പൊതുവേദിയിലല്ലെന്നുമുള്ള വിശദീകരണവുമായി രാജകുടുംബം രംഗത്തെത്തി.