ജീവന്‍ പുറത്തുനിന്ന് വന്നതാണത്രെ, ആണോ?

ബുധന്‍, 1 ഒക്‌ടോബര്‍ 2014 (08:53 IST)
ഭൂമിയില്‍ ഇന്ന് കാണുന്ന ജീവജാലങ്ങള്‍ക്ക് കാരണമായ ജീവകോശം ഇവിടെ ഉണ്ടായതല്ല എന്നും അത് എത്തിയത് ഭൂമിക്ക് പുറത്ത് നിന്നാണെന്നും പഠനങ്ങള്‍. സൌരയുഥം ഉള്‍പ്പെടുന്ന ക്ഷീരപഥത്തിനും പുറത്തുനിന്നാണ് ജീവന് ആധാരമായ തന്മാത്രകള്‍ എത്തിയത് എന്നാണ് കോര്‍നെല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.  

ക്ഷീരപഥ മധ്യത്തില്‍നിന്ന്‌ 390 പ്രകാശവര്‍ഷം അകലെയുള്ള സെഗിറ്ററിയുസ്‌ ബി2 മേഖലയില്‍ നിന്നാണ് ഈ തന്മാത്രകള്‍ ഭൂമിയിലേക്കെത്തിയതെന്നാണ് ഗവേഷകര്‍ പറയുന്നത്. ചിലിയിലെ അല്‍മ നിരീക്ഷണകേന്ദ്രത്തില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.

കാര്‍ബണ്‍ അടിസ്‌ഥാനമാക്കിയുള്ള തന്മാത്ര(ഐസോപ്രപെയ്‌ല്‍ സൈനേഡ്‌)യാണു ജീവന്‍ സംബന്ധിച്ച പുതിയ സിദ്ധാന്തത്തിനു പിന്നില്‍. 27,000 പ്രകാശ വര്‍ഷം (ഒരു പ്രകാശവര്‍ഷം = 9,46,07,30,47,25,808 കിലോമീറ്റര്‍) അകലെനിന്നാണു ശാസ്‌ത്ര സംഘത്തിനു തെളിവ്‌ ലഭിച്ചത്‌.ക്ഷീരപഥത്തിനു പുറത്ത്‌ സെഗിറ്ററിയുസ്‌ ബി2 മേഖലയില്‍നിന്നാണു തന്മാത്രകളെക്കുറിച്ചുള്ള സൂചന ലഭിച്ചത്‌. തന്മാത്രകള്‍ പുറത്തുവിട്ട റേഡിയോ തരംഗങ്ങള്‍ ജര്‍മനിയിലെ മാക്‌സ്‌ പ്ലാങ്ക്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പിടിച്ചെടുത്തു.

സെഗിറ്ററിയുസ്‌ ബി2 മേഖലയില്‍ ഇപ്പോഴും ജൈവിക തന്മാത്രകളുടെ സാന്നിധ്യമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ തന്മാത്രകള്‍ ഉല്‍ക്കാ പതനത്തിലൂടെ ഭൂമിയില്‍ എത്തിയതാകാനാണ് സാധ്യതയെന്നാണ് ഗവേഷകരുറ്റെ നിഗമനം. എന്നാല്‍ അത് സ്ഥാപിക്കുന്നതില്‍ ഗവേഷകര്‍ പരാജയപ്പെടുകയാണുണ്ടായത്.

ഭൂമിയിലല്ലാതെ പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്ന ഗവേഷകരുടെ അന്വേഷണത്തിന് കൂടുതല്‍ ബലം നല്‍കുന്നതാണ് ഈ കണ്ടെത്തല്‍. പഠനം ശരിയാണെങ്കില്‍ ഭൂമിയിലേപ്പോലെ സാഹചര്യങ്ങളുള്ള മറ്റ് ഗ്രഹങ്ങളിലും ജീവന്‍ ഉത്ഭവിച്ചിട്ടുണ്ടാകാമെന്ന് കരുതപ്പെടുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക