പേസ്- ഹിംഗിസ് സഖ്യത്തിന് യുഎസ് ഓപ്പണ്‍ കിരീടം

Webdunia
ശനി, 12 സെപ്‌റ്റംബര്‍ 2015 (08:37 IST)
യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ ലിയാൻഡർ പേസും സ്വിസ് താരം മാർട്ടീന ഹിംഗിസും ചേർന്ന സഖ്യത്തിന് കിരീടം. അമേരിക്കൻ ജോഡികളായ ബെഥനി മറ്റെക്-സാം ഖുറെയ് സഖ്യത്തെ തോൽപിച്ചാണ് ഇന്തോ-സ്വിസ് സഖ്യം കിരീടം ചൂടിയത്. സ്കോർ: 6-4, 3-6, 10-7.

ഈ വർഷം പേസ്-ഹിംഗിസ് സഖ്യം നേടുന്ന മൂന്നാം ഗ്രാൻസ്‌ലാം കിരീടമാണിത്. 1969-ന് ശേഷം ഒരു സീസണില്‍ മൂന്ന് കിരീടങ്ങള്‍ നേടുന്ന ആദ്യ മിക്‌സഡ് സഖ്യമാണ് ഇവരുടേത്. യു.എസ് ഓപ്പണിന് പുറമേ ഈ സീസണില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിമ്പിള്‍ഡണ്‍ കിരീടങ്ങളും സഖ്യം സ്വന്തമാക്കിയത്.

യു.എസ് ഓപ്പണ്‍ വിജയത്തോടെ മിക്‌സഡ് ഡബിള്‍സില്‍ പേസിന് ഒമ്പത് കിരീടങ്ങളായി. എട്ട് പുരുഷ ഡബിള്‍സ് കിരീടങ്ങളും നാല്‍പത്തിരണ്ടുകാരനായ പേസിന്റെ പേരിലുണ്ട്. കരിയറിലെ 17-ാം ഗ്രാൻസ്‌ലാം കിരീടനേട്ടമാണിത്.  ഓപ്പൺ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ മിക്സഡ് ഡബിൾസ് ഗ്രാൻസ്‌ലാം കിരീടങ്ങൾ സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡും പേസിന്റെ പേരിലായി. ഇന്ത്യക്കാരൻ കൂടിയായ മഹേഷ് ഭൂപതിയുമായി പങ്കുവച്ചിരുന്ന റെക്കോർ‍ഡാണ് പേസ് ഒറ്റയ്ക്ക് സ്വന്തം പേരിലെഴുതി ചേർത്തത്.

ഹിംഗിസിന്റെ നാലാം മിക്‌സഡ് ഡബിള്‍സ് കിരീടമാണിത്. അഞ്ച് സിംഗിള്‍സ് കിരീടങ്ങളും പത്ത് വനിതാ ഡബിള്‍സ് കിരീടങ്ങളും ഉള്‍പ്പെടെ കരിയറില്‍ ആകെ 19 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വിസ് താരം നേടിയിട്ടുണ്ട്. 34-കാരിയായ ഹിംഗിസ് യുഎസ് ഓപ്പണിൽത്തന്നെ വനിതാ ഡബിൾസിൽ ഇന്ത്യൻ താരമായ സാനിയ മിർസയ്ക്കൊപ്പം ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന വനിത ഡബിള്‍സ് ഫൈനലില്‍ വിജയിച്ചാല്‍ ക്രീടനേട്ടാം 20 ആക്കാന്‍ ഹിംഗിസിനു സാധിക്കും.