ലളിത് മോഡി വിഷയത്തില്‍ ഭരണഘടന അനുശാസിക്കുന്ന നടപടികള്‍ കൈക്കൊള്ളും: ജെയ്റ്റ്‌ലി
ബുധന്‍, 24 ജൂണ്‍ 2015 (17:06 IST)
ലളിത് മോഡി വിഷയത്തില്‍ ഭരണഘടന അനുശാസിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വിഷയത്തില്‍ സര്‍ക്കാര്‍ പിന്നാക്കം പോകുന്നുവെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണത്തിലുളള ഒരു വിഭാഗം നേതാക്കള്‍ അഴിമതിക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണവും ജെയ്റ്റ്‌ലി നിഷേധിച്ചു. നടപടികളില്‍ അങ്ങേയറ്റത്തെ സത്യസന്ധത ഉറപ്പുവരുത്തും. വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെയും ജെയ്റ്റ്‌ലി അപലപിച്ചു.
പാര്‍ലമെന്റ് ചര്‍ച്ചയ്ക്കുള്ള വേദിയാണെന്നും അല്ലാതെ തടസപ്പെടുത്താനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്ന ഏത് കാര്യത്തിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.