വിഖ്യാത ഇറാനിയൻ സംവിധായകൻ അബ്ബാസ് കിരോസ്തമിയുടെ ചിത്രങ്ങൾക്കെല്ലാം അതിന്റേതായ പ്രത്യേകതകൾ ഉണ്ട്. സംവിധായകന്റെയും നടന്റേയും പുറകെ മാത്രം പോകുന്ന പ്രേക്ഷകരോട് അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു. സിനിമയിൽ താൻ പറയാത്ത കാര്യങ്ങൾ തേടി പോകാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഒരു ദിവ്യകഴിവ് തന്നെ ഉണ്ടായിരുന്നു അദ്ദേഹത്തിന്.
സിനിമയിൽ താൻ പറയാൻ വിട്ട കാര്യങ്ങൾ തേടി പിടിച്ച് അവയെല്ലാം കൂട്ടി യോജിപ്പിക്കാൻ കഴിയുന്നവനാണ് ഒരു പ്രേക്ഷകൻ എന്ന് കിരോസ്തമി പറയുമായിരുന്നു. കഥാപാത്രങ്ങളുടെ ഉൾച്ചിത്രത്തിലൂടെ കാണികളെ കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. തിരക്കഥാകൃത്ത്, ഫോട്ടോഗ്രാഫർ, നിർമാതാവ് എന്നീ നിലകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് കിരോസ്തമി.
ഇറാൻ മണ്ണിലാണ് അദ്ദേഹത്തിന്റെ വേരുകൾ. എന്നാൽ, സിനിമയും അതിനു പുറമേയുമുള്ള അനുഭവങ്ങൾ അദ്ദേഹത്തെ രാജ്യങ്ങൾ ഭേദിച്ച് വളർത്തുകയായിരുന്നു. ഏതു പ്രായത്തിലും ഏതു അവസ്ഥയിൽ ഇരുന്നാലും സിനിമയെടുക്കാതിരിക്കാൻ അദ്ദേഹത്തിനാകുമായിരുന്നില്ല. സിനിമ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. കഥാപാത്രങ്ങൾക്ക് ജീവനുണ്ടെന്ന് തോന്നിക്കുന്ന സിനിമകൾ, മനസിനുള്ളിൽ നിറഞ്ഞ് നിൽക്കുന്ന സിനിമ - ഇതെല്ലാമായിരുന്നു കിരോസ്തമിയുടെ സിനികൾ.
‘ബ്രഡ് ആൻഡ് ആല്ലി’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യസിനിമയും ആദ്യ സിനിമാനുഭവവും. എന്നാൽ ആ അനുഭവം ഏറെ പ്രയാസമായിരുന്നുവെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. കൊച്ചുകുട്ടികൾ, നായ, എല്ലാ സമയത്തും പരാതികൾ പറയുന്ന, ക്രൂരസ്വഭാവമുള്ള ജോലിക്കാരോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. എന്നാൽ, അതെല്ലാം തനിക്ക് പ്രയോജനപ്പെട്ടത് സിനിമയിലൂടെയാണ്. എന്തെല്ലാമാണ്, ആരെല്ലാമാണ് മനുഷ്യരെന്ന് അദ്ദേഹത്തിന് മനസ്സിലാക്കി കൊടുത്തത് ഇതുപോലുള്ള അനുഭവങ്ങൾ ആണ്.
കലയേയും ജീവിതത്തേയും കുറിച്ചുള്ള ചിന്തകൾ, തീർത്തും അപരിചിതരായവരെ കഥയിലേക്കും കഥാപാത്രത്തിലേക്കും നയിച്ചുകൊണ്ട് പോകുന്ന ഒരു മാസ്മരികത അദ്ദേഹത്തിന്റെ സിനിമകൾക്കുണ്ട്. ജീവിതത്തിന്റെ നിഗൂഡതയിലേക്ക് ആഴത്തിൽ സഞ്ചരിക്കുകയാണ് കിരോസ്തമി എന്ന സംവിധായകൻ ചെയ്യുന്നത്. കഥയോ ജീവിതമോ എന്ന് സംശയം തോന്നിക്കും വിധത്തിലാണ് അദ്ദേഹത്തിന്റെ സിനിമകൾ. കുറഞ്ഞ വാക്കിലൂടെയും ദൃശ്യങ്ങളിലൂടെയും ഒരു കഥാപാത്രത്തെ സൃഷ്‌ടിച്ചെടുക്കാൻ മിടുക്കനാണ് കിരോസ്തമി.
നിരവധി ഫിലിം ഫെസ്റ്റിവലിലെ ഒരു ജൂറി അംഗം കൂടിയായിരുന്നു കിരോസ്തമി. പ്രത്യേകിച്ചും 1993, 2002, 2005 എന്നീ വർഷങ്ങളിലെ കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി നിന്നിരുന്നത് അദ്ദേഹമായിരുന്നു. മിക്ക ഫിലിം അവാർഡുകളിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
''സ്വർഗ്ഗത്തിലെ രാഞ്ജിയോട് അവർ സത്യം ചെയ്തു
ഞാനോ വീഞ്ഞാണ് നല്ലതെന്ന് പറയും
സമ്മാനങ്ങൾ വാഗ്ദാനങ്ങളിലേക്ക് എടുത്തുകൊൾക
അകലെ നിന്നാൽ ഡ്രമ്മിന്റെ ശബ്‌ദം ശ്രുതിമധുരമായി തോന്നും''
സിനിമകളിൽ മാത്രമല്ല, കവിതകളിലും അദ്ദേഹം തന്റേതായ ശൈലികൾ ഉപയോഗിച്ചിരുന്നു. കഥകൾ പോലെ അദ്ദേഹത്തിന്റെ വാക്കുകൾക്കും അവസാനമില്ല. പ്രേക്ഷകരുടെ മനസ്സിലേക്ക് സിനിമയുടെ അവസാനമെന്ത്? ഇനിയെന്ത് എന്ന ചോദ്യങ്ങൾ എറിഞ്ഞിട്ടുകൊണ്ടാണ് അദ്ദേഹം ഓരോ സിനിമയും അവസാനിപ്പിച്ചിരുന്നത്. അതുപോലെ ഓരോ സിനിമാപ്രേമികളുടേയും മനസ്സിൽ ഒരു ചോദ്യമുയരുന്നു. കിരോസ്തമി വിട പറയുമ്പോള്‍ പകരമാര് ?