'ചില സന്ദര്‍ഭങ്ങളില്‍ ഇസ്ലാം കളവ് പറയാന്‍ അനുമതി തരുന്നുണ്ട്, ഞങ്ങള്‍ക്കൊരു ലക്ഷ്യമുണ്ട്, അതിനായി എന്ത് വിലകൊടുക്കാനും തയ്യാറാണ്' ; കാണാതായവരുടെ ഐഎസ് ബന്ധം സ്ഥിരീകരിക്കുന്ന ശബ്ദസന്ദേശം

ബുധന്‍, 27 ജൂലൈ 2016 (11:18 IST)
കാസർഗോഡ് നിന്നും കാണാതായവർ ഒരേ കേന്ദ്രത്തിൽ തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന തരത്തിലുള്ള ശബ്ദസന്ദേശം പുറത്തുവന്നു. പോലീസില്‍ വിവരമറിയിക്കരുതെന്നും ഇതിനുള്ള പ്രത്യാഘാതം ബന്ധുക്കള്‍ക്ക് നേരിടേണ്ടിവരുമെന്നും കാണാതായവരുടെ ശബ്ദസന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാണാതായവരില്‍ ഒരാള്‍ ബന്ധുവിന് അയച്ച ഓഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
 
വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ടെന്ന മുഖവുരയോടെയാണ് കാണാതായവരില്‍ ഒരാളുടെ ശബ്ദസന്ദേശം കുടുംബത്തിന് ലഭിച്ചത്. പടന്നയില്‍ നിന്നും കാണാതായ ഞങ്ങളെല്ലാം ഒരേ കേന്ദ്രത്തിലുണ്ട്. ഞങ്ങള്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ എത്തിയെന്ന് കൂടുതല്‍ പ്രചരണം നല്‍കുമ്പോള്‍ അത് നിങ്ങള്‍ക്ക് തന്നെയാണ് ബുദ്ധിമുട്ടുണ്ടാക്കുകയെന്നും സന്ദേശത്തിൽ പറയുന്നു.
 
നാട്ടില്‍ നിന്നും പോരുമ്പോള്‍ ഒരുപാട് കള്ളം പറയേണ്ടി വന്നു. ഇതില്‍ ഏറെ വിഷമമുണ്ട്. കള്ളം പറയാതെ ഞങ്ങള്‍ക്ക് ഈ സ്ഥലത്ത് എത്തിച്ചേരാനാവില്ലെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഇസ്ലാം കളവ് പറയാന്‍ അനുമതി തരുന്നുണ്ട്. കളവ് പറഞ്ഞതില്‍ നമുക്ക് എല്ലാവര്‍ക്കും വളരെ അധികം വിഷമമുണ്ട് പക്ഷെ വേറെ വഴിയില്ലായിരുന്നു എന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.
 
ഒരു വാർത്താചാനലാണ് സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക