കലാം ഇനി ഭൂമിയെ ചുറ്റും, ലോകത്തെ നീരിക്ഷിച്ചുകൊണ്ട്, കലാമിന്റെ പേരില്‍ യു‌‌എന്‍ ഉപഗ്രഹം വിക്ഷേപിക്കും

Webdunia
ശനി, 8 ഓഗസ്റ്റ് 2015 (11:16 IST)
മരിച്ചിട്ടും മരിക്കാത്ത ഓര്‍മ്മകലുമായി ജ്വലിക്കുന്ന നക്ഷത്രം പോലെ പ്രകാശിക്കുന്ന മുന്‍ രാഷ്ട്രപതി എപി‌ജെ അബ്ദുള്‍കലാമിനെ ഐക്യരാഷ്ട്ര സംഘടനയുടെ അവിസ്മരണീയമായ ആദരം.

ലോകത്തിന്‌ വിലമതിക്കാനാവാത്ത ഒട്ടേറെ സംഭാവനകള്‍ നല്‍കിയ കലാമിന്റെ പേര്‌ ഭൂമിയെ നിരീക്ഷിക്കുന്നതിനും പ്രകൃതി ക്ഷോഭങ്ങളുടെ ദൈര്‍ഘ്യം മുന്‍കൂട്ടിയറിയുന്നതിനും പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍സാറ്റ്‌ ഫോര്‍ ഡിആര്‍ആര്‍ എന്ന ഐക്യരാഷ്‌ട്ര സഭയുടെ ഉപഗ്രഹത്തിന്‌ നല്‍കാനാണ്‌ ആലോചന.

ലോകത്ത്  ഇന്നേവരെ ഒരു ശാസ്ത്രജ്ഞനും ലഭിക്കാത്ത ആദരവാണ് കലാമിന് ലഭിക്കാന്‍ പോകുന്നത്. സിഎഎന്‍ഇയുഎസ്‌ ചെയര്‍മാന്‍ മിലിന്‍ഡ്‌ പിംപ്രിക്കറാണ്‌ ഇക്കാര്യം ഔദ്യോഗികമായി വ്യക്‌തമാക്കിയത്‌.

ഉപഗ്രഹത്തിന്‌ കലാമിന്റെ പേര്‌ നല്‍കുകവഴി വരും തലമുറയിലെ ഗവേഷകര്‍ക്ക്‌ പ്രചോദനമാകാന്‍ കഴിയുമെന്നാണ്‌ വിശ്വസിക്കുന്നതെന്നും പിംപ്രിക്കര്‍ വ്യക്‌തമാക്കി. 2016ലെ യു.എന്‍ ഇന്ത്യാ വര്‍ക്ക്‌ഷോപ്പില്‍ ഉപഗ്രഹവുമായി ബന്ധപ്പെട്ട മറ്റ്‌ വിവരങ്ങള്‍ ഔദ്യോഗികമായി വ്യക്‌തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്ലോബല്‍ സാറ്റ്‌ ഫോര്‍ ഡിആര്‍ആര്‍ന്റെ പേര്‌ 'യു.എന്‍ കലാം ഗ്ലോബല്‍സാറ്റ്‌' എന്നാവും മാറ്റുക. ലോക രാജ്യങ്ങള്‍ക്കായി യു.എന്നിന്റെ നിയന്ത്രണത്തിലാവും യു.എന്‍ കലാം ഗ്ലോബല്‍സാറ്റിന്റെ പ്രവര്‍ത്തനം. ഒരു രാജ്യത്തിനും സ്വന്തമായി ഇത്തരമൊരു ഉപഗ്രഹം നിര്‍മിക്കാന്‍ സാധിക്കില്ലെന്നാണ്‌ വിലയിരുത്തല്‍. ഭൂമിക്ക്‌ പൂര്‍ണമായും ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച്‌ പഠിക്കുന്നതിനും പ്രകൃതിക്ഷോഭങ്ങളെ മുന്‍കൂട്ടി കാണുന്നതിനും ലോകരാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം വേണമെന്നതാണ്‌ ഇതിന്‌ കാരണം.