ഇസ്രായേലിന് വീണ്ടും അമേരിക്കന്‍ സഹായം

Webdunia
ഞായര്‍, 3 ഓഗസ്റ്റ് 2014 (11:15 IST)
ഗാസയില്‍ രക്തരൂക്ഷിതമായ ആക്രമണം നടത്തുന്ന ഇസ്രായേലിന് അമേരിക്ക വീണ്ടും സഹായം നല്‍കും. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം മെച്ചപ്പെടിത്തുന്നതിനായാണ് സഹായമെന്നാണ് അമേരിക്ക പറയുന്നത്.  കോടിഡോളര്‍(ഏകദേശം 1350 കോടി രൂപ)സഹായധനമാണ് അമേരിക്ക നല്‍കുന്നത്.

അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ വെള്ളിയാഴ്ച വൈകി നടന്ന വോട്ടെടുപ്പില്‍ എട്ടിനെതിരെ 395 വോട്ടിനാണ് ഇസ്രായേലിന് അയണ്‍ ഡോം മിസൈല്‍ പ്രതിരോധസംവിധാനത്തിന് പണമനുവദിക്കാനുള്ള ബില്‍ അംഗീകരിക്കപ്പെട്ടത്. ഇനി പ്രസിഡന്റ് ഒബാമ ബില്ലില്‍ ഒപ്പിട്ടാല്‍ മാത്രം മതി.

2015-ലേക്ക് 1,056 കോടി രൂപയുടെ സഹായമാണ് വൈറ്റ്ഹൗസ് മിസൈല്‍ പ്രതിരോധ സംവിധാനത്തിന് വേണ്ടി ആവശ്യപ്പെട്ടതെങ്കിലും യുഎസ് കോണ്‍ഗ്രസ് തുക വര്‍ധിപ്പിച്ചുനല്‍കുകയായിരുന്നു. അതിനിടെ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ രണ്ട് മണിക്കൂറിനുള്ളില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇസ്രായേല്‍ പുനരാരംഭിച്ച ആക്രമണത്തില്‍ 107
പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതോടെ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1,650 ആയി.

ശനിയാഴ്ച ടെല്‍ അവീവിന് നേരേ ഹമാസ് തൊടുത്ത മൂന്ന് റോക്കറ്റുകളും ഇസ്രായേല്‍ മിസൈല്‍ പ്രതിരോധസംവിധാനം ലക്ഷ്യത്തിലെത്തുന്നതിന് മുമ്പേ തകര്‍ത്തു. ഇസ്രായേല്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ ജബലിയയിലെ പള്ളിയും നിരവധി വീടുകളും തകര്‍ന്നു. ബോംബിങ്ങില്‍ ഇസ്ലാമിക സര്‍വകലാശാലയ്ക്കും വ്യാപകമായ നാശനഷ്ടമുണ്ടായി.

അതേ സമയം ഗാസയിലേ അവസാന തുരങ്കവും നശിപ്പിക്കാതെ പിന്‍‌വാങ്ങില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ഗാസക്കെതിരായ ആക്രമണത്തില്‍ തങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.