നൂറിലധികം ആളുകളെ കാഴ്ചക്കാരാക്കി 25 സിറിയൻ സൈനികരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൊലപ്പെടുത്തി. കൊലപാതകത്തിന്റെ വീഡിയോ തീവ്രവാദികള്‍ പുറത്തുവിട്ടു. സിറിയൻ പൈതൃക നഗരമായ പാൽമിറയിലെ ആംഫി തിയറ്ററിൽ സൈനികരെ വെടിവച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. തിയറ്റർ ഇരിപ്പിടങ്ങളിലെ കാഴ്ചക്കാരുടെ മുന്നിൽവച്ച് കൗമാരക്കാരെന്നു തോന്നിപ്പിക്കുന്ന ഭീകരരാണ് കൊലപാതകം നടത്തുന്നത്.
ആംഫി തിയറ്ററിലെ സ്റ്റേജിൽ തടവുകാരെ എത്തിച്ചതിനു ശേഷം സൈനിക യൂണിഫോം ധരിച്ച കൌമാരക്കാരെന്ന് തോന്നിക്കുന്ന ഭീകരര്‍ നേതാവിന്റെ നിർദേശം ലഭിക്കുന്നതോടെ ഭീകരർ ഓരോരുത്തരെയായി വെടിവച്ചു കൊല്ലുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ക്രൂരകൃത്യം കാണുന്നതിനായി നൂറിലധികം വരുന്നവർ തിയറ്ററിനു മുന്നിലെ ഇരിപ്പിടങ്ങളിൽ ഉണ്ടായിരുന്നു.
ഓരോരുത്തരേയും കൊലപ്പെടുത്തുമ്പോള്‍ കാഴ്ചക്കാരില്‍ പലരും ഐഎസ് പതാക വീശി ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ട്. സ്റ്റേജിനു പിന്നിലെ ഭിത്തിയിൽ ഐഎസിന്റെ വലിയൊരു പതാക സ്ഥാപിച്ചിട്ടുണ്ട്. മേയ് 21നാണ് സിറിയയിലെ പുരാതന നഗരമായ പാൽമിറ ഐഎസ് നിയന്ത്രണത്തിലാക്കുന്നത്. ഇവിടുത്തെ ചരിത്ര സ്മാരകങ്ങൾ പലതും അവർ തകർക്കുകയാണ്.