40 രാജ്യങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിനെ സഹായിക്കുന്നതായി റഷ്യയുടെ വെളിപ്പെടുത്തല്‍

Webdunia
ചൊവ്വ, 17 നവം‌ബര്‍ 2015 (13:51 IST)
ലോകരാജ്യങ്ങളെ നടുക്കി ഫ്രാന്‍സില്‍ ആക്രമണം നടത്തിയ ഐഎസിന്‌, ജി - 20 രാജ്യങ്ങളില്‍ നിന്നുപോലും സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍. ഏകദേശം 40 ലോകരാജ്യങ്ങള്‍ നേരിട്ടും അല്ലാതെയും ഐ‌എസിനെ സഹായിക്കുന്നവരാണെന്നാണ് പുടിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഐഎസിന്‌ സഹായം ചെയ്യുന്നവരുടെ പട്ടിക ലഭിച്ചിട്ടുണ്ട്‌, രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ്‌ വിവരങ്ങള്‍ ലഭിച്ചതെന്നും ജി-20 രാജ്യങ്ങള്‍ സഹായം നല്‍കുന്നതില്‍ ഉള്‍പ്പെടുന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്നും പുടിന്‍ പറഞ്ഞു. തൂര്‍ക്കിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെയാണ് പുടിന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, സൗദി അറേബ്യ, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഐ.എസിനെ നേരിടുമെന്നും പുടിന്‍ വ്യക്‌തമാക്കി.

ഐസിസിന്റെ നിയമവിരുദ്ധ എണ്ണവ്യാപാരം സംബന്ധിച്ച വിശദവിവരങ്ങൾ ജി 20 രാജ്യങ്ങളെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. ഐസിസിനെതിരെ ആഗോളസഖ്യം രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഐസിസിനെതിരായ പോരാട്ടത്തിൽ ഏത് രാജ്യമാണ് കാര്യക്ഷമമമായും ഫലപ്രദമായും പ്രവർത്തിയ്ക്കുന്നതെന്നും ഏത് രാജ്യമാണ് ഉദാസീന നയം സ്വീകരിയ്ക്കുന്നതെന്നും പരിശോധിയ്ക്കാൻ അനുയോജ്യമായ സമയമല്ലിത്.

ഐസിസിനെതിരായ പോരാട്ടത്തിൽ സിറിയയിലെ സായുധ ഗ്രൂപ്പുകൾക്ക് വ്യോമാക്രമണത്തിലൂടെ പിന്തുണ നൽകാൻ തയ്യാറാണ്. ഇക്കാര്യത്തിൽ അമേരിക്ക, തുർക്കി, ഇറാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടേയും യൂറോപ്യൻ യൂണിയന്റേയും പിന്തുണ വേണം. ഇക്കാര്യം അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അമേരിക്ക ഈ ആവശ്യം തള്ളുകയാണുണ്ടായകതെന്ന് പുടിൻ ആരോപിച്ചു.

അതേ സമയം ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ യോജിച്ച് പ്രവർത്തിയ്ക്കുന്നത് സംബന്ധിച്ച് റഷ്യയോടുള്ള അമേരിക്കയുടെ നിലപാടിൽ ചെറിയ മാറ്റമുണ്ടായിട്ടുണ്ടെന്ന് പുടിൻ ചൂണ്ടിക്കാണിച്ചു. ഭീകരാക്രമണങ്ങൾ തടയാൻ കഴിയുന്ന വിധം പഴുതുകളില്ലാത്ത സുരക്ഷാക്രമീകരണങ്ങളും ജാഗ്രതയും ആഗോളതലത്തിൽ ആവശ്യമാണെന്നും പുടിൻ പറഞ്ഞു.

അതേ സമയം സിറിയയിലെ വിമത സായുധ ഗ്രൂപ്പുകളിൽ ഏതൊക്കെയാണ് ഭീകരസംഘടനകളെന്നും അല്ലാത്തതെന്നും വേർതിരിയ്ക്കണമെന്നും പുടിൻ അഭിപ്രായപ്പെട്ടു. ഭീകരസംഘടനകളെ അമർച്ച ചെയ്യുന്നതിനുള്ള പോരാട്ടത്തിനാണ് ഇപ്പോൾ പ്രാധാന്യം.സിറിയയിലെ റഷ്യൻ വ്യോമാക്രമണത്തിനെതിരായ പാശ്ചാത്യരാജ്യങ്ങളുടെ വിമർശനവും പുടിൻ തള്ളി.

സിറിയയിലെ ഭീകരസംഘടനകളേയും ഭീകരകേന്ദ്രങ്ങളേയും സംബന്ധിച്ച വിശദവിവരങ്ങൾ നൽകാൻ അമേരിക്കയോടും സഖ്യരാജ്യങ്ങളോടും ഞങ്ങൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതികരണമുണ്ടായില്ല. സിറിയയിലെ പ്രതിപക്ഷ ഗ്രൂപ്പുകളുമായി ചർച്ച നടത്തിയിരുന്നു. അവർക്ക് നിയന്ത്രണമുള്ള മേഖലകളിൽ വ്യോമാക്രമണം നടത്തരുതെന്ന് അവർ പറഞ്ഞതായും പുടിൻ വ്യക്തമാക്കി.

സിറിയയില്‍ ഐ.എസിനെതിരായ പോരാട്ടത്തിലാണ്‌ റഷ്യന്‍ സൈന്യം. റഷ്യക്കെതിരെയും ഐ.എസ്‌ ഭീഷണി മുഴക്കിയിട്ടുണ്ട്‌. ഐ.എസിനെതിരായ പോരാട്ടത്തില്‍ അമേരിക്കയുമായി കൈകോര്‍ക്കാനൊരുങ്ങുകയാണ്‌ റഷ്യ. തൂര്‍ക്കിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയിലാണ്‌ ഇതു സംബന്ധിച്ച ഏകദേശ ധാരണയായത്‌.