അധികം താമസിയാതെ രക്‌തക്കടല്‍ തന്നെ ഒഴുക്കുമെന്ന് റഷ്യയ്‌ക്ക് ഇസ്‌ളാമിക് സ്‌റ്റേറ്റ് ഭീകരരുടെ ഭീഷണി. പുതിയതായി പുറത്ത് വിട്ടിട്ടുള്ള വീഡിയോയിലാണ് ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ഭീഷണി മുഴക്കുന്നത്. ഏറ്റവും അടുത്തുകാലത്ത് തന്നെ റഷ്യ രക്‌തസമുദ്രമായി മാറുമെന്നും റഷ്യ മരിച്ചുകൊണ്ടിരിക്കുകയാണെന്ന സബ്‌ടൈറ്റിലും വീഡിയോയിലുണ്ട്.
സംഘടനയുടെ വിദേശഭാഷാ വിഭാഗം തയ്യാറാക്കിയ വീഡിയോയില്‍ ഷാര്‍ളി ഹെബ്‌ദോ കൂട്ടക്കൊല, ഇസ്‌ളാമിക് സ്‌റ്റേറ്റിന്റെ തന്നെ വിവിധ വധശിക്ഷകള്‍ എന്നിവയുടെയെല്ലാം വീഡിയോ ഫൂട്ടേജും നല്‍കിയിട്ടുണ്ട്. ക്രെംലിന്‍ തങ്ങളുടേതാകും, കാഫിറുകളുടെ കഴുത്തില്‍ കത്തി കുരുങ്ങുമെന്നും ഭീഷണിയില്‍ പറയുന്നു. അല്‍ ഹായത്ത് മീഡിയാ സെന്റര്‍ തയ്യാറാക്കിയ ഭീഷണി വ്യാഴാഴ്‌ച ഉച്ചയ്‌ക്കാണ് പുറത്തുവിട്ടത്.
ഒക്‌ടോബര്‍ 31 ന് 224 യാത്രക്കാരുമായി പോയ റഷ്യന്‍ വിമാനം ഈജിപ്‌തിലെ സീനായി മേഖലയില്‍ ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ബോംബ് വെച്ച് തകര്‍ക്കുകയായിരുന്നെന്ന സംശയം നിലനില്‍ക്കേയാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ റഷ്യന്‍ ഗ്രാമമായ കാന്റിഷെവോയില്‍ നിന്നും കഴിഞ്ഞയാഴ്‌ച സ്‌പെഷ്യന്‍ ഫോഴ്‌സ് പരാജയപ്പെടുത്തിയ സ്‌ഫോടന ശ്രമത്തിന് പിന്നിലും ഇസ്‌ളാമിക് സ്‌റ്റേറ്റ് ആണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം റഷ്യകൂടി ചേര്‍ന്നതോടെ ഇറാഖില്‍ കാലിടറിക്കൊണ്ടിരിക്കുന്ന ഇസ്‌ളാമിക് സ്‌റ്റേറ്റ് അന്താരാഷ്‌ട്ര സമൂഹത്തെ ഭയപ്പെടുത്താന്‍ വേണ്ടിയാണ് ഈ ഭീഷണി കൊണ്ടുവന്നിരിക്കുന്നതെന്ന് വിലയിരുത്തല്‍. ബുധനാഴ്‌ച രാത്രിയില്‍ അമേരിക്കന്‍ ഫൈറ്റര്‍ ജറ്റുകളുടെ പിന്തുണയോടെ 7,500 പേര്‍ വരുന്ന കുര്‍ദ്ദിഷ് പോരാളികളും യസീദികളും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ സീഞ്ഞാര്‍ നഗരം തിരിച്ചുപിടിച്ചിരുന്നു.