ശാസ്ത്രവും വേണ്ടൊരു മണ്ണാങ്കട്ടയും വേണ്ട, ഖുറാനും നബിയും മാത്രം മതിയെന്ന് ഐ‌എസ്

Webdunia
ശനി, 19 സെപ്‌റ്റംബര്‍ 2015 (15:28 IST)
പിടിച്ചെടുത്ത സ്ഥലങ്ങളിലെ യസീദികളേയും അമുസ്ലീങ്ങളേയും ഷിയാകളേയും പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ജനതയേ ഘോരമായ അന്ധകാരത്തിലേക്ക് തള്ളിവിടാനൊരുങ്ങുന്നു. അറിവിന്റെ തിരിനാളങ്ങളായ പുസ്തകങ്ങളെ അനിസ്ലാമികമെന്ന് വിധിച്ച് ചുട്ടെരിക്കുകയാണ് ഐ‌എസ് ഇപ്പോള്‍. ഇസ്ലാമിനു മുമ്പ് ഉണ്ടായിരുന്ന ചരിത്ര ശേഷിപ്പുകള്‍ പോലും തച്ചുടച്ച് കളയുന്ന ഭീകരര്‍ തങ്ങളുടെ പ്രദേശത്തുള്ള ഇസ്ലാമികമല്ലാത്ത എല്ലാത്തിനേയും ഇല്ലാതാക്കുകയാണ്.

ഇതിന്റെഭാഗമായി ഇറാഖിലും സിറിയയിലും അനിസ്‌ളാമിക പുസ്‌തകള്‍ നിരോധിച്ചു. ഇറാഖി നഗരമായ മൊസൂളില്‍ അനിസ്‌ളാമിക പുസ്‌തകങ്ങള്‍ അഗ്നിക്കിരയാക്കിയ ഐഎസ്‌ തീവ്രവാദികള്‍ ഇസ്‌ളാമികമല്ലാത്ത പുസ്‌തകങ്ങള്‍ വീടുകളിലും ഓഫീസുകളിലും സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാന്‍ തെരച്ചില്‍ ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്‌. ശാസ്‌ത്രീയ ചിന്തകളെ ശക്‌തമായി എതിര്‍ക്കുന്നതായി ഷരിയാ നിയമങ്ങളില്‍ ഐസിസ്‌ അടുത്തകാലത്ത്‌ വ്യക്‌തമാക്കിയിരുന്നു.

ഇതിന്റെ ഭാഗമായാണ് പുതിയ നടപടികള്‍. സ്‌കൂള്‍ പാഠ്യ പദ്ധതികളില്‍ നിന്നും ഗണിതം, ശാസ്‌ത്രം, മറ്റു വിഷയങ്ങള്‍ എന്നിവയെല്ലാം നീക്കിയിട്ടുണ്ട്‌. പ്രവാചകനുമായി ബന്ധപ്പെട്ട വിഷയങ്ങളും ഖുറാനുമായി ബന്ധപ്പെട്ട അറിവുകളുമേ പഠിപ്പിക്കാവൂ എന്നാണ് പുതിയ ഉത്തരവുകള്‍. 8000 അപൂര്‍വ്വ പുസ്‌തകങ്ങള്‍ അടങ്ങിയ മൊസൂളിലെ ചരിത്ര ഗ്രന്ഥശാല ഫെബ്രുവരിയില്‍ തീവ്രവാദി സംഘടന തകര്‍ത്തിരുന്നു.

അതിനു പിന്നാലെ അല്‍ ജദിദ മേഖലയിലെ നഗരത്തിലെ താമസസ്‌ഥലങ്ങള്‍ ഓഫീസുകള്‍ വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നും പിടിച്ചെടുത്ത ശാസ്‌ത്രം, കല, ചരിത്രം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പുസ്‌തകങ്ങള്‍ അഗ്നിക്കിരയാക്കി. ഇസ്ലാമികമല്ലാത്ത ചിന്തകളും ആശയങ്ങളും ഉയര്‍ന്നു വരാതിരിക്കാനാണ് ചരിത്രത്തേ വധിക്കുന്ന ഐ‌എസ് നടപടികള്‍ തുടരുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇസ്‌ളാമിക പുസ്‌തകങ്ങള്‍ ഒഴികെയുള്ളവ കണ്ടെത്തി നശിപ്പിക്കാനും സംഘടന തുടക്കമിട്ടുകഴിഞ്ഞു.