ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യക്കാരില്‍ ഒരാള്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ലിബിയയില്‍ ഐ എസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയവരില്‍ ഒരാളാണ് രക്ഷപ്പെട്ടത്. ഒഡിഷ സ്വദേശി പ്രവാശ് രഞ്ജന്‍ സമല്‍ ആണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ 13 വര്‍ഷമായി ലിബിയയില്‍ താമസിക്കുന്നയാളാണ് പ്രവാശ് രഞ്ജന്‍ സമല്‍. ബയോമെഡിക്കല്‍ എഞ്ചിനിയറായ പ്രവാശിനെയും ആന്ധ്രാപ്രദേശ് സ്വദേശി രാമമൂര്‍ത്തി കോസാനത്തിനെയും സിര്‍ത്തിലെ ജോലിക്കിടയിലാണ് ഐ എസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. ഇബന്‍ - ഇ - സിനയില്‍ നിന്നായിരുന്നു ഇരുവരെയും തട്ടിക്കൊണ്ടു പോയത്.
രണ്ടുപേരെയും കാണാതായതായി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രിയാണ് പ്രവാശ് രക്ഷപ്പെട്ടതായി വാര്‍ത്തകള്‍ വന്നത്. ജോലി ചെയ്യുന്ന ആശുപത്രിയില്‍ തന്നെ തുടര്‍ന്നോളാം എന്ന സമ്മതപത്രത്തില്‍ ഒപ്പിട്ടതിനെ തുടര്‍ന്നാണ് തന്നെ വിട്ടയച്ചതെന്നാണ് പ്രവാശ് പറഞ്ഞത്. അതേസമയം, രാമമൂര്‍ത്തി കോസാനത്തെപ്പറ്റി വിവരമൊന്നുമില്ല. ഇയാളെയും രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.