ഇറാഖിലേക്ക് അമേരിക്കന്‍ കരസേനയും എത്തും

Webdunia
വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (10:48 IST)
ഐഎസ് ഐഎസ് വേട്ടയ്ക്ക് ആവശ്യമെങ്കില്‍ കരസേനയെ ഇറക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. പ്രധാനമായും വടക്കന്‍ ഇറാഖിലും സിറിയയിലും പോരാട്ടം നടത്തുന്ന ഭീകരര്‍ക്കെതിരെയാണ് അമേരിക്ക പുതിയ നടപടിയെടുക്കുന്നത്.

കഴിഞ്ഞദിവസം സെനറ്റില്‍ പെന്‍റഗണ്‍ വക്താക്കള്‍ ഈ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഇറാഖി സൈനികര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും ഐഎസ് ഐഎസ് വേട്ടയുമായി മുന്നോട്ട് പോകുമെന്നും പെന്‍റഗണ്‍ വ്യക്തമാക്കിയിരുന്നു. വടക്കന്‍ ഇറാഖില്‍ നിന്നും ബഗ്ദാദിലേക്കുകൂടി അമേരിക്ക വ്യോമാക്രമണം വ്യാപിപ്പിച്ചതിന് പിന്നാലെയാണ് പെന്‍റഗണ്‍ നേതാക്കളുടെ പ്രസ്താവന പുറത്തുവന്നത്.

ഇറാഖില്‍ കരസേനയെ ഇറക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇതിനെ പൂര്‍ണമായും തള്ളാതെയുള്ള തന്ത്രപരമായ പ്രസ്താവനയാണ് പെന്‍റഗണ്‍ വക്താക്കള്‍ നടത്തിയത്. നിലവിലിപ്പോള്‍ 1600 സൈനിക ഉപദേശകരെയാണ് അമേരിക്ക ഇറാഖിലേക്ക് അയച്ചിരിക്കുന്നത്. സൈന്യം തുടക്കത്തില്‍ കുര്‍ദ് സൈന്യത്തിന് ആവശ്യമായ സഹായം നല്‍കിയ ശേഷം ഘട്ടംഘട്ടമായി വ്യോമാക്രമണം ശക്തമാക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.