ഐ‌എസ്സിനെതിരേ അമേരിക്കന്‍ സഖ്യസേന, ആക്രമണം കടുപ്പിക്കാന്‍ ബ്രിട്ടണും ചേര്‍ന്നു

Webdunia
ഞായര്‍, 28 സെപ്‌റ്റംബര്‍ 2014 (12:24 IST)
ഐഎസ് വിമത തീവ്രവാദികള്‍ക്ക് നേരെ ഇറാഖില്‍ ആക്രമണം നടത്തുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ബ്രിട്ടനും ചേര്‍ന്നു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വെള്ളിയാഴ്ച നടന്ന ചര്‍ച്ചയിലാണ് ഇറാഖ് വ്യോമാക്രമണത്തില്‍ പങ്കാളിയാവാന്‍ ഡേവിഡ് കാമേറോണ്‍ സര്‍ക്കാറിന് ജനപ്രതിനിധികള്‍ അനുമതി നല്‍കിയത്. ബ്രിട്ടന്റെ ആറ് ടൊര്‍ണാഡോ വിമാനങ്ങളും ഒരു ചാരവിമാനവും ആക്രമണത്തില്‍ പങ്കാളിയാവും.

ഇതിനിടെ തീവ്രവാദികളുടെ സങ്കേതങ്ങള്‍ക്ക് നേരേ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ സേന ആക്രമണം ശക്തമാക്കി. സിറിയയിലെ കുര്‍ദ് പട്ടണമായ കൊബാന ഉപരോധിച്ച ഇസ്ലാമിക് സ്റ്റേറ്റിനുനേരെ ഇന്നലെ ശക്തമായ വ്യോമാക്രണം നടത്തി. സിറിയന്‍സൈന്യത്തില്‍നിന്ന് ഐഎസ് പിടിച്ചെടുത്ത തഖ്ബ വ്യോമതാവളത്തിനു നേരേയും ഇവിടെയുള്ള തീവ്രവാദികളുടെ പരിശീലന കേന്ദ്രങ്ങള്‍ക്കുനേരേയും ആക്രമണം നടത്തി. ഐ എസിന്റെ ശക്തികേന്ദ്രമായി റാഖ പ്രവിശ്യയില്‍ 31-ഓളം സ്‌ഫോടനശബ്ദം കേട്ടതായി നിരീക്ഷകര്‍ പറഞ്ഞു. നിരവധി വിമതര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

ഹോംസ് പ്രവിശ്യയിലെ പാല്‍മൈറ, മിന്‍ബെജ്, അലെപ്പോ എന്നീ പട്ടണങ്ങളിലും ഇതാദ്യമായി യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി.  ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങളും ആക്രമണത്തില്‍ പങ്കാളികളാണ്. ആകെ 40-ഓളം രാജ്യങ്ങള്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ഇതിനകം ചേര്‍ന്നിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.