ഫുട്ബോൾ കളിയിൽ തോറ്റതിന് ദൈവത്തെ ശപിച്ചു; ഏഴു വയസ്സുകാരനെ ഐ എസ് വെടിവെച്ചു കൊന്നു

Webdunia
ശനി, 7 മെയ് 2016 (14:54 IST)
കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിച്ച് പരാജയപ്പെട്ടതിന് ദൈവത്തെ പ്രാകിയ ഏഴു വയസ്സുകാരനെ ഐ എസ് ഭീകരർ വെടിവെച്ചു കൊന്നു. ദൈവനിന്ദ ആരോപിച്ച്‌ ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ തീവ്രവാദികള്‍ മാതാപിതാക്കളുടെ കണ്മുന്നിലിട്ടാണ് കുട്ടിയെ വധശിക്ഷക്ക് വിധേയമാക്കിയത്. വടക്കന്‍ സിറിയയില്‍ ഏഴു വയസ്സുകാരന്‍ മുവാസ്‌ ഹസനാണ് കൊലചെയ്യപ്പെട്ടത്.
 
തിങ്കളാഴ്ച കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിക്കുകയും തുടർന്ന് കളിയിൽ കുട്ടി പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ ദേഷ്യത്തിലും നിരാശയിലും ദൈവത്തെ പ്രാകിയ കുട്ടിയെ സ്‌ഥലത്ത്‌ വെച്ച്‌ തന്നെ ഐഎസ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു. തുടര്‍ന്ന്‌ ഷരിയാ കോടതി പയ്യനെ അവിശ്വാസിയായി പ്രഖ്യാപിച്ചു. നൂറുകണക്കിന് ആൾക്കാരെ സാക്ഷിയാക്കി ഐ എസ് ഭീകരർ വെടിവെച്ചായിരുന്നു കുട്ടിയുടെ വധശിക്ഷ നടപ്പാക്കിയത്
 
സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന മാതാപിതാക്കൾ ശിക്ഷ കണ്ട് കുഴഞ്ഞ് വീണുവെന്ന് പ്രാദേശിക വെബ്‌സൈറ്റായ അരാന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പല മേഖലയിലുള്ളവരെ വധശിക്ഷക്ക് വിധേയമാക്കിയിരുന്നെങ്കിലും ഒരു കുട്ടിയെ ശിക്ഷിക്കുന്നത് ഇതാദ്യമാണ്. ഏതു പ്രായത്തിലുള്ളവരായാലും ദൈവത്തെ ശപിക്കുന്നത്‌ ദൈവനിന്ദയ്‌ക്ക് തുല്യമാണെന്നാണ്‌ ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ പറയുന്നത്‌.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article