യാത്രയ്ക്കിടയിലോ മറ്റോ വന്യമൃഗങ്ങളെ കണ്ടാല്‍ വാഹനം നിര്‍ത്തുകയോ ഭക്ഷണം നല്‍കുകയോ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പ് പല വിനോദസഞ്ചാരികളും അവഗണിക്കാറുണ്ട്. ഇത്തരത്തില്‍ അധികൃതരുടെ വാക്കുകള്‍ അവഗണിച്ച ഐറിഷ് യുവാവിന് തലനാരിഴയ്ക്കാണ് ജീവന്‍ തിരിച്ചുകിട്ടിയത്. അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ശ്രീലങ്കയില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് ഒരു കാട്ടിലൂടെ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്നു. യാത്ര ചെയ്യുമ്പോള്‍ കാട്ടാനയെങ്ങാനും ആക്രമിക്കാന്‍ വന്നാല്‍ ഭക്ഷണം എറിഞ്ഞു നല്‍കി അതിന്റെ ശ്രദ്ധ തിരിച്ച് ഓട്ടോയുമായി രക്ഷപെടാനായി ഗൈഡ് ഈ യുവാവിന് ഒരു പഴവും നല്‍കിയിരുന്നു. എന്നാല്‍ ആനയെ കണ്ട ആവേശത്തില്‍ അതെല്ലാം മറന്ന് ഇയാള്‍ പഴം ആനയ്ക്ക് നേരിട്ട് നല്‍കി.
പഴം വാങ്ങാന്‍ യുവാവിന്റെ നേരെ പാഞ്ഞടുത്ത ആന അതു വാങ്ങി കഴിച്ച ശേഷം ഓട്ടോയിലായിരുന്നു ദേഷ്യം മുഴുവന്‍ തീര്‍ത്തത്. ഓട്ടോ ഇടിച്ചുമറിച്ച് റോഡിനു നടുവിലേക്ക് തള്ളിയിട്ട ആന കലി അടങ്ങാതെ പിന്നില്‍ പാര്‍ക്കു ചെയ്തിരുന്ന ബസിനേയും ആക്രമിക്കുമെന്ന സ്ഥിതി വന്നു. ഈ തക്കത്തിനാണ് യുവാവ് ആനയുടെ കണ്‍മുന്നില്‍ നിന്ന് ഓടി മറഞ്ഞത്. ആനയുടെ വരവു കണ്ടതോടെ ബസും പുറകോട്ടെടുക്കുകയായിരുന്നു.