ഇന്തോനേഷ്യയില്‍ സൈനികവിമാനം തകര്‍ന്നു; 141 മരണം

Webdunia
ബുധന്‍, 1 ജൂലൈ 2015 (08:35 IST)
ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര ദ്വീപിലെ മേദനില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 141 പേര്‍ മരിച്ചു. ജനനിബിഡമായ പ്രദേശത്താണ് അപകടം നടന്നത് എന്നതിനാല്‍ മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ച രാത്രിവരെ 49 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

ചൊവ്വാഴ്ച 12 ജീവനക്കാരും 122 യാത്രക്കാരുമായി പറന്ന സി-130 ഹെര്‍കുലീസ് വിമാനം മേദനിലെ ഒഴിഞ്ഞ കെട്ടിടത്തില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു. വിമാനം തകര്‍ന്നു വീണ പ്രദേശത്തുള്ളവരാണ് മരിച്ച മറ്റുള്ളവര്‍. ഇന്നലെ ഉച്ചയോടെയിരുന്നു അപകടം.


സൈനികരെയും കുടുംബാംഗങ്ങളെയും വഹിച്ച് പറക്കാറുള്ള പ്രതിദിന വിമാനമായിരുന്നു ഇത്. മേദാനിലെ സൈനിക നിലയത്തില്‍നിന്ന് സുമാത്രയിലെതന്നെ താന്‍ജങ് പിനാന്‍ങ്ങിലേക്ക് പറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പുറപ്പെട്ട് രണ്ടു മിനിറ്റിനുള്ളില്‍ വിമാനത്തിന് തകരാറുള്ളതായി സംശയം തോന്നിയ പൈലറ്റ് തിരിച്ചുപറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മേദന്‍ പൊലീസ് മേധാവി മര്‍ഡിയാസ് ദ്വിഹാന്‍റാന്റോ പറഞ്ഞു. വിമാനം അഞ്ച് കിലോമീറ്റര്‍ മാത്രമാണ് പറന്നതെന്ന് സൈനിക വക്താവ് ഫുആദ് ബാസിയ അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. പുറപ്പെടുന്നതിനു മുമ്പുതന്നെ വിമാനത്തിന് കേടുപാടുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഇന്തോനേഷ്യന്‍ സൈനിക തലവന്‍ ഉത്തരവിട്ടു.