വൃത്തിഹീനമായ ചുറ്റുപാട്: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ റെസ്‌റ്റോറന്റിന് മൂന്നു കോടിയിലധികം പിഴ

ബുധന്‍, 31 ഓഗസ്റ്റ് 2016 (10:18 IST)
വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ചതിന് മെല്‍ബണില്‍ ഇന്ത്യന്‍ റെസ്റ്റോറന്റ് ഉള്‍പ്പടെ പതിനൊന്നോളം ഭക്ഷണശാലകള്‍ക്കെതിരെ വന്‍ തുക പിഴ. ഇതില്‍ ക്ലേറ്റണിലുള്ള കഫെ സ്റ്റുഡന്റ കറീസ് ആന്‍ഡ് പിസ്സ റെസ്റ്റോറന്റ് എന്ന ഇന്ത്യന്‍ റെസ്‌റ്റോറന്റിന് 55,000 ഡോളര്‍( 3,68,5000 രൂപ) ആണ് പിഴ അടയ്‌ക്കേണ്ടത്. 
 
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഫുഡ് ആക്ട് ലംഘിച്ചതിന്റെ പേരില്‍ വിക്ടോറിയയിലെ പതിനൊന്നോളം റെസ്റ്റോറന്റുകള്‍ക്ക് എതിരെ വന്‍ തുക പിഴ ഈടാക്കുകയും കേസെടുക്കുകയും ചെയ്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ പിഴ അടക്കേണ്ടി വന്നത് കഫെ സ്റ്റുഡന്റ കറീസ് ആന്‍ഡ് പിസ്സ റെസ്റ്റോറന്റ് എന്ന ഇന്ത്യന്‍ റെസ്റ്റോറന്റിനാണ്. ഇതിനു പുറമെ 12,500 ഡോളര്‍  നടപടിക്രമങ്ങളുടെ ചെലവിനത്തിലും നല്‍കണം.
 
കൗണ്‍സിലിന്റെ പരിസ്ഥിതി - ആരോഗ്യ വകുപ്പധികൃതര്‍ പല പ്രാവശ്യമായി റെസ്റ്റോറന്റ് സന്ദര്‍ശിച്ചിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ഇവിടെ ഭക്ഷണം സൂക്ഷിക്കുകയും,  കൈകഴുകാനും മറ്റും മതിയായ സൗകര്യമില്ലെന്നു കണ്ടെത്തുകയും ചെയ്തു. ശരിയായ രീതിയില്‍ പെസ്‌റ് കണ്‍ട്രോള്‍ ചെയ്യാതിരിക്കുക, സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യക്കുറവ്, മാലിന്യം ശരിയായി നിക്ഷേപിക്കാന്‍ ഉപേക്ഷ വരുത്തിയത് തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് റെസ്റ്റോറന്റിനെതിരെ കേസെടുത്തിരിക്കുന്നത് .
 
ലിറ്റില്‍ ബര്‍ക് സ്ട്രീറ്റിലുള്ള  പോസ്റ്റ് ഡെഗ് കഫേ ആണ് വന്‍ തുക പിഴ അടക്കേണ്ടി വന്ന മറ്റൊരു റെസ്റ്റോറന്റ്. മലിനമായ അന്തരീക്ഷവും കീടങ്ങളുടെ സാന്നിധ്യവും മറ്റും കണ്ടെത്തിയ സാഹചര്യത്തില്‍  50,000 ഡോളര്‍ പിഴയും 3442.19 ഡോളര്‍ നടപടിക്രമങ്ങളുടെ ചെലവിനത്തിലും പോസ്റ്റ് ഡെഗ് കഫേക്കു നല്‍കേണ്ടി വന്നു.

വെബ്ദുനിയ വായിക്കുക