മനാമയില്‍ വഴിയരികില്‍ നിര്‍ത്തിയിട്ട കാറും അതിലുണ്ടായിരുന്ന അഞ്ച് വയസ് പ്രായമുള്ള ഇന്ത്യന്‍ ബാലികയെയും അഞ്ജാതന് തട്ടിയെടുത്തു. മനാമയിലെ ഹൂറയിലെ ഗോള്‍ഡന്‍ സാന്റ്സ് അപാര്‍ട്ട്മെന്റിന് സമീപത്തു നിന്നും ഇന്നലെ രാത്രി 7.15ഓടെയാണ് സംഭവം.
കുഞ്ഞിനെ ഡേ കെയര്‍ സെന്ററില്‍ നിന്നും വീട്ടിലേക്ക് കൂട്ടികൊണ്ടു വരുമ്പോള്‍ വെള്ളം വാങ്ങുന്നതിനായി വഴിയരികില്‍ വാഹനം നിര്‍ത്തുകയായിരുന്നു. അമ്മ കടയിലേക്ക് കയറി നിമിഷങ്ങള്‍ക്കുള്ളില്‍ കുഞ്ഞും വാഹനവുമായി അഞ്ജാതന് കടന്നു കളഞ്ഞു. തിരികെ വന്നപ്പോഴേക്കും വാഹനം ഓടിച്ച് പോകുന്നതാണ് കാണാനായതെന്ന് കുട്ടിയുടെ ബന്ധു അനീഷ് ഹൂറ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
നവമാധ്യമങ്ങളിലും മറ്റുമായി കുട്ടിയുടെ ഫോട്ടോ സഹിതം വിവരം കൈമാറി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സമാന സാഹചര്യത്തില്‍ മനാമയില്‍ കാര്‍ മോഷണം പോയിരുന്നു. അന്നും വഴിയില്‍ നിര്‍ത്തിയ ഉടനെ കാര്‍ അഞ്ജാതന് ഓടിച്ച് പോവുകയായിരുന്നു. അന്നും വാഹനത്തില്‍ ഒരു കുഞ്ഞ് ഉണ്ടായിരുന്നു. എന്നാല്‍ പിന്‍സീറ്റില്‍ ഇരുന്ന കുഞ്ഞ് കരഞ്ഞപ്പോഴാണ് വണ്ടിയില്‍ കുട്ടിയുള്ള കാര്യം മോഷ്ടാവ് തിരിച്ചറിഞ്ഞത്. ഇതോടെ വിജനമായ പ്രദേശത്ത് കാര്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നു കളയുകയായിരുന്നു.