സ്വന്തം പട്ടാളത്തെ ഭയന്ന് പാക് പ്രധാനമന്ത്രി; ഷെരീഫിന്റെ ഗതി ഇത്രയ്‌ക്കും ദയനീയമോ ?
വെള്ളി, 7 ഒക്‌ടോബര്‍ 2016 (13:33 IST)
രാജ്യത്തെ ഭീകരതയ്ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ സൈന്യത്തിന് പ്രധാനമന്ത്രി നവാസ് ഷെരീഫ് നിര്‍ദേശം നല്‍കിയതോടെ പാക് സര്‍ക്കാരും സൈന്യവും തമ്മിൽ ഏറ്റുമുട്ടല്‍ രൂക്ഷം. സൈനിക മേധാവി റഹീൽ ഷെരീഫാണ് പ്രധാനമന്ത്രിക്കെതിരെ രംഗത്തു വന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
പഠാൻകോട്ട്, മുംബൈ ഭീകരാക്രമണങ്ങളിൽ അന്വേഷണം വേഗം പൂർത്തിയാക്കാന്‍ ഐഎസ്ഐക്ക് ഷെരീഫ് നിർദേശം നൽകിയതും രാജ്യത്തെ ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഷെരീഫ് നിര്‍ദേശം നല്‍കിയതുമാണ് സർക്കാരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായത്.
പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ കശ്‌മീര്‍ വിഷയത്തിലെ രാജ്യത്തിന്റെ വാദങ്ങൾക്ക് എതിരാകുമെന്നാണ് റഹീൽ ഷെരീഫ് പറയുന്നത്. ഭീകരസംഘടനകൾക്കെതിരെ നടപടിയെടുത്താൽ ഇന്ത്യയുടെ സമ്മർദത്തിന് അടിമപ്പെടുന്നതിനും കശ്മീർ ജനതയെ അടിയറവു വയ്ക്കുന്നതിനും തുല്യമായിരിക്കുമെന്നുമാണ് ഐഎസ്ഐ മേധാവിയും പറയുന്നത്.
ഇതോടെയാണ് പാക് സര്‍ക്കാരും സൈന്യവും തമ്മിൽ ഏറ്റുമുട്ടല്‍ രൂക്ഷമായത്. അതേസമയം, പുറത്തുവന്ന റിപ്പോര്‍ട്ടുകളെ തള്ളി പാക് പ്രധാനമന്ത്രിയുടെ ഓഫിസ് വക്താവ് രംഗത്തെത്തി.