524 പരിചാരകര്‍, 80 കാറുകള്‍, 33 ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍; ഇവയൊന്നും തനിക്ക് വേണ്ടെന്ന് ഇമ്രാന്‍ - താമസം മൂന്ന് മുറിയുള്ള വീട്ടില്‍
തിങ്കള്‍, 20 ഓഗസ്റ്റ് 2018 (14:45 IST)
പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ തെഹ്റീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍ കടുത്ത തീരുമാനങ്ങളുമായി രംഗത്ത്.
പാക് ഭരണകര്‍ത്താക്കള്‍ ഇതുവരെ തുടര്‍ന്നുവന്നിരുന്ന സകല ആഡംബരങ്ങളും ഒഴിവാക്കി സര്‍ക്കാര്‍ ഖജനാവ് ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഇമ്രാന്‍.
ചെലവ് ചുരുക്കലിന്റെ ഭാഗമായി 524 പരിചാരകരുള്ള പ്രധാനമന്ത്രിയുടെ കൂറ്റന്‍ വസതി ഇമ്രാന്‍ ഒഴിവാക്കി. ബനിഗലയിലെ സ്വന്തം വീട്ടില്‍ താമസിക്കാനാണ് ആഗ്രഹമെങ്കിലും തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സുരക്ഷാ ജീവനക്കാര്‍ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ മൂന്നു കിടപ്പുമുറികളുള്ള സൈനിക സെക്രട്ടറിയുടെ വീട്ടിലാകും താമസമെന്നും അദ്ദേഹം പറഞ്ഞു.
സഹായത്തിനായി വീട്ടില്‍ രണ്ടു പരിചാരകര്‍ മാത്രം മതിയെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ വസതിയില്‍ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ഉള്‍പ്പെടെ 80 വാഹനങ്ങളുണ്ട്. രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ഒഴിച്ചുള്ള കാറുകളെല്ലാം ലേലം ചെയ്‌ത് ഖജനാവിലേക്ക് പണം കണ്ടെത്തുമെന്നും മുന്‍ പാക് ക്രിക്കറ്റ് നായകന്‍ പറഞ്ഞു.
പ്രധാനമന്ത്രി 650 ദശലക്ഷം രൂപയും സ്പീക്കര്‍ക്ക് 160 ദശലക്ഷം രൂപയുമാണ് സൌകര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഇത്രയും പണം എന്തിനാണ് ചെലവഴിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ഇമ്രാന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ ചെലവു ചുരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.