വരുന്നു വിണ്ടും ഹിമയുഗം, ഭൂമി തണുത്തുറയും

Webdunia
ചൊവ്വ, 14 ജൂലൈ 2015 (13:24 IST)
ഭൂമിയില്‍ വീണ്ടും ഹിമയുഗം വരാന്‍ പോകുന്നു എന്ന് ഗവേഷകര്‍. വെയില്‍സില്‍ നടന്ന നാഷണല്‍ അസ്‌ട്രോണമി യോഗത്തില്‍ പ്രഫ. വാലെന്റിന സര്‍കോവയാണു സൗരയൂഥ മാതൃകയുടെ അടിസ്‌ഥാനത്തില്‍ ഹിമയുഗ സാധ്യത പ്രവചിച്ചത്‌. ഇവരുടെ പ്രവചന പ്രകാരം 2030നും 2040നും മധ്യേയുള്ള കാലഘട്ടം ഭൂമിയില്‍ ഹിമയുഗമായിരിക്കും അന്ന് ഭൂമിയില്‍ അതിഭീകരമായ തണുപ്പ് അനുഭവപ്പെടും.

സൂര്യചക്രത്തിലെ മാറ്റമാണു പ്രതിഭാസത്തിനു കാരണം. ഇത്തരം മാറ്റങ്ങള്‍ മൂലം സൂര്യനില്‍ സൌര കളങ്കങ്ങള്‍ ഉണ്ടാകും. എല്ലാ 11 വര്‍ഷവും ഇത്‌ ആവര്‍ത്തിക്കപ്പെടാറുണ്ട്‌. ഇതു ക്രമരഹിതമായാണു സംഭവിക്കാറുള്ളത്‌. എന്നാല്‍ 2030 മുതല്‍ ഈ സൂര്യ ചക്രങ്ങള്‍ പരസ്പരം വ്യാപിക്കുന്നതോടെ സൂര്യനില്‍ സൌര കളങ്കങ്ങള്‍ വ്യാപകമാകും. ഇത് സൂര്യനില്‍ നിന്ന് ഭൂമിയിലെത്തുന്ന പ്രകാശത്തിന്റെയും ഊര്‍ജത്തിന്റെയും അളവ് ഗണ്യമായി കുറയ്ക്കും.

അതിനാലാണ് ഈ സമയത്ത് ഭൂമിയില്‍ ഹിമയുഗം ഉണ്ടാകുമെന്ന് പറയുന്നത്. 2022 ല്‍ സൂര്യചക്രം അതിന്റെ പാരമ്യത്തിലെത്തുമെന്നാണ്‌ സര്‍കോവ പറയുന്നത്‌. സൂര്യന്റെ ഉള്ളില്‍ രണ്ട്‌ തലത്തില്‍നിന്നുള്ള കാന്തിക തരംഗങ്ങള്‍ പരിശോധിച്ചശേഷമാണ്‌ അവര്‍ നിഗമനത്തിലെത്തിയത്‌. 1646നും 1715നും മധ്യേ സമാന സംഭവമുണ്ടായിരുന്നു. അന്നു ലണ്ടനിലെ തെംസ്‌ നദി ഐസായി മാറിയിരുന്നു.  തന്റെ കണ്ടെത്തലിന്‌ 97 ശതമാനം കൃത്യത ഉണ്ടെന്നാണ് ഗവേഷക പറയുന്നത്.