അധികാരത്തിനായി താലിബാൻ നേതാക്കൾ തമ്മിൽ പോര്: ബറാദറിന് വെടിയേറ്റതായി റിപ്പോർട്ട്

Webdunia
ഞായര്‍, 5 സെപ്‌റ്റംബര്‍ 2021 (18:36 IST)
അഫ്‌ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ച മൂന്നാഴ്‌ച്ചയാകുമ്പോൾ സർക്കാർ രൂപീകരണത്തിലേക്ക് നീങ്ങുകയാണ് താലിബാൻ. എന്നാൽ അധികാരം ആര് ഏറ്റെടുക്കണം എന്നപേരിൽ താലിബാൻ നേതാക്കൾ തമ്മിലും പോരാട്ടം രൂക്ഷമാകുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പുതിയ ഭരണാധികാരിയാകുമെന്ന് കരുതപ്പെടുന്ന അബ്ദുൾ ഗനി ബറാദറിന് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായാണ് പുതിയ റിപ്പോർട്ടുകൾ.
 
അഫ്ഗാന്റെ അധികാരം താലിബാൻ പിടിച്ചെടുത്തെങ്കിലും സർക്കാർ രൂപീകരണം നടന്നിരുന്നില്ല.വെള്ളിയാഴച്ച സർക്കാർ രൂപികരണം ഉണ്ടാകുമെന്ന് റിപ്പോർട്ട് ഉണ്ടെങ്കിലും സർക്കാർ രൂപീകരണം നടന്നിട്ടില്ല. സർക്കാരിന്റെ നിയന്ത്രണം ആർക്കായിരിക്കണം എന്ന തർക്കമാണ് സർക്കാർ രൂപീകരണം വൈകിക്കുന്നതെന്നാണ് റിപ്പോർട്ട്.
 
താലിബാനകത്തുള്ള ഏറ്റവും തീവ്ര നിലപാടുകാരായ ഹഖാനി ഭീകരവാദികളുടെ തലവൻ, അനസ് ഹഖാനിയും താലിബാന്റെ സ്ഥാപകരിൽ ഒരാളായ മുല്ല അബ്ദുൾ ഗനി ബറാദറും തമ്മിൽ അധികാര തർക്കമുണ്ടായെന്നും പരസ്‌പരം വെടിവെയ്പ്പ് നടന്നുവെന്നുമാണ് അവസാനമായി പുറത്തുവരുന്ന റിപ്പോർട്ടുകൾ.ഹഖാനി ഭീകരരുടെ ആക്രമണത്തിൽ വെടിവെപ്പിൽ ബറാദറിന് പരിക്കേറ്റതായും പഞ്ച്ഷിർ ഒബ്സർവർ റിപ്പോർട്ട് ചെയ്യുന്നു. 
 
അഫ്ഗാനിൽ താലിബാൻ ഭരണമേൽക്കുമ്പോൾ താലിബാന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ മുല്ല അബ്ദുൾ ഗനി ബറാദർ അഫ്ഗാന്‍റെ പുതിയ ഭരണാധികാരിയാകും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ഹഖാനി ഗ്രൂപ്പും ബറാദറും അധികാരം സംബന്ധിച്ച് പ്രശ്‌നത്തിലെത്തുകയായിരുന്നു.ബറാദറും ഹഖാനിയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ പാക് ഇന്റർ സർവീസസ് ഇന്റലിജൻസ് മേധാവി ഫൈസ് ഹമീദ് ഇസ്ലാമാബാദിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്.
 
ബറാദർ സർക്കാരിന് പകരം ഹഖാനിയെ ഭരണമേൽപ്പിക്കാനാണ് പാക് ഇന്റർ സർവീസസ് ഇന്റലിജൻസ് താല്പര്യപ്പെടുന്നത്. നിലവിൽ പഞ്ച്ഷീർ മേഖലയിൽ പ്രതിരോധ സേനയുമായി ഏറ്റുമുട്ടൽ തുടരുന്ന തന്റെ അനുയായികളെ ബറാദർ കാബൂളിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article