പ്രധാനമന്ത്രി അമേരിക്കയിലേക്ക്: ജോ ബൈഡനുമായി ചർച്ച നടത്തും

ഞായര്‍, 5 സെപ്‌റ്റംബര്‍ 2021 (08:27 IST)
അഫ്‌ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ സങ്കീർണമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടികാഴ്‌ച്ച നടത്തും. ഈ മാസം 22 മുതൽ 27 വരെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം.
 
നിലവിൽ അഫ്‌ഗാൻ വിഷയത്തിൽ ഇന്ത്യ ഇതുവരെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. താലിബാനുമായി ഇന്ത്യ ചർച്ച തുടങ്ങിയെങ്കിലും ഇത് അനൗദ്യോഗിക സംഭാഷണം മാത്രമെന്നാണ് കേന്ദ്രത്തിൻ്റെ നിലപാട്. സർക്കാരിനെ തത്കാലം അംഗീകരിക്കേണ്ടതില്ല എന്നാണ് ഉന്നതതലത്തിലെ ധാരണ. പ്രധാനമന്ത്രി മുല്ല ബരാദറിനോട് സംസാരിക്കുന്നതോ അഭിനന്ദനസന്ദേശം നൽകുന്നതോ ഇന്ത്യ ഒഴിവാക്കും.
 
അതേസമയം പാക് ചാര സംഘടനയായ ഐഎസ്ഐയുടെ തലവൻ ലഫ്റ്റനൻറ് ജനറൽ ഫയിസ് ഹമീദ് കാബൂളിലെത്തിയെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്‌ഗാനിസ്ഥാന്റെ പുതിയ സൈന്യത്തെ പരിശീലിപ്പിക്കാമെന്ന് പാകിസ്ഥാൻ താലിബാനെ അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ്റെ സജീവ ഇടപെടൽ ഉണ്ട് എന്നതിൻ്റെ സൂചന ആയാണ് ഇപ്പോഴത്തെ സംഭവങ്ങളെ ഇന്ത്യ കാണുന്നത്. 
 
നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്‌മമായി വിലയിരുത്തുകയാണ് ഇന്ത്യ.  ഇപ്പോൾ അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ കൂടി ഉറപ്പാക്കാനുള്ള കരുതലോടെയാവും ഇന്ത്യയുടെ അടുത്ത നീക്കങ്ങൾ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍