ഇന്ത്യയ്ക്കെതിരെ ഹാഫിസ് സയിദ് വിശുദ്ധയുദ്ധം പ്രഖ്യാപിച്ചു

ശനി, 6 ഡിസം‌ബര്‍ 2014 (12:47 IST)
ഇന്ത്യയ്ക്കെതിരെ പരസ്യമായി വിശുദ്ധയുദ്ധം പ്രഖ്യാപിച്ചുകൊണ്ട് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ ഹാഫിസ് സയിദ് രംഗത്ത്. കാശ്മീര്‍ പ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യയ്‌ക്കെതിരെ വിശുദ്ധ യുദ്ധം തുടരുമെന്നാണ് ഹാഫീസ് സയിദിന്റെ പ്രഖ്യാപനം. ഹാഫീസ് സയീദിന്റെ സംഘടനയായ ജമാ അത് ഉത് ദവയുടെ സമ്മേളനത്തിനിടെയാണ് പാക്കിസ്ഥാനിലെ ലാഹോറില്‍ വച്ച് സയിദ് ജിഹാദ് പ്രഖ്യാപനം നടത്തിയത്.

ലാഹോറില്‍ സംഘടനയുടെ രണ്ടു ദിവസത്തെ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കവെയാണ് സയിദ് ഇന്ത്യാ വിരുദ്ധ പരാമാര്‍ശങ്ങള്‍ നടത്തിയത്. ഇന്ത്യയില്‍ നിന്ന് കാശ്മീരികള്‍ക്ക് മോചനം നേടിക്കൊടുക്കുന്നതിന് പാക്കിസ്ഥാനികള്‍ മുന്നിട്ടിറങ്ങണമെന്നും അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സേനയെ സഹായിക്കുന്നതിന് ഇന്ത്യയ്ക്ക് സൈന്യത്തെ അയയ്ക്കാമെങ്കില്‍ കാശ്മീരിലേക്ക് സഹോദരങ്ങളെ സഹായിക്കാന്‍ മുജാഹിദ്ദീനുകള്‍ക്കും പോകാമെന്നുമാണ് സയീദിന്റെ പ്രസ്താവന.

കാശ്മീരികള്‍ സഹായത്തിനു വേണ്ടി നിലവിളിക്കുകയാണ്. അവരുടെ വിളി കേള്‍ക്കേണ്ടത് നമ്മുടെ ചുമതലയാണ് സയീദ് പറഞ്ഞു. കാശ്മീര്‍ പ്രശ്‌നം പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യയോട് ശക്തമായി ആവശ്യപ്പെടണം. അല്ലാത്തപക്ഷം സ്വാതന്ത്ര്യം നേടുന്നതിനായി കാശ്മീരികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കേണ്ടത് ഷെരീഫ് സര്‍ക്കാരിന്റെ കടമയാണെന്നും സയീദ് പറഞ്ഞു.

അമേരിക്ക ഭീകര സംഘടനയുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുന്ന ജമാത് ഉദ് ദാവയുടെ സമ്മേളത്തിന് പാക് സര്‍ക്കാര്‍ പൂര്‍ണ്ണ സംരക്ഷണം നല്‍കിയിരുന്നു. കറാച്ചിയില്‍ നിന്നും ഹൈദരാബാദില്‍ നിന്നും രണ്ട് പ്രത്യേക ട്രെയിന്‍ സര്‍വീസുകളും സമ്മേളന നഗരിയായ ലാഹോറിലേക്ക് അനുവദിക്കുകയുണ്ടായി.

അതേസമയം, പാക്കിസ്ഥാന്‍ ഭീകരന്റെ പ്രസ്താവനക്കെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. പാക്കിസ്ഥാന്‍ സയിദിന് നല്‍കുന്ന പിന്തുണ ഭീകരരെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും തീവ്രവാദത്തിനെതിരായ അജണ്ടകളെ അനാദരിക്കുന്നതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് സയ്യദ് അക്‌ബറുദ്ദീന്‍ പ്രതികരിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക