രണ്ടാംഘട്ട രക്ഷാപദ്ധതിക്ക് ഗ്രീക്ക് പാര്‍ലമെന്റിന്റെ അംഗീകാരം

വ്യാഴം, 23 ജൂലൈ 2015 (08:49 IST)
കടക്കെണിയിലായ ഗ്രീസിന്റെ രണ്ടാംഘട്ട സാമ്പത്തിക രക്ഷാപദ്ധതികള്‍ക്ക് ഗ്രീസ് പാര്‍ലമെന്റിന്റെ അംഗീകാരം. വോട്ടെടുപ്പില്‍ 63നെതിരെ 230 വോട്ടുകള്‍ നേടിയാണ് പ്രധാനമന്ത്രി അലക്സി സിപ്രസ് തന്റെ സാമ്പത്തിക പരിഷകാരങ്ങള്‍ക്ക് അംഗീകാരം നേടിയെടുത്തത്. 63 എതിര്‍ വോട്ടുകളില്‍ 31 എണ്ണം സിപ്രസിന്റെ സിരിസപാര്‍ട്ടിയില്‍ നിന്നു തന്നെയാണ്.

ആദ്യഘട്ട പരിഷ്കാരങ്ങളെ എതിര്‍ത്ത സിരിസയിലെ അംഗങ്ങളെ സിപ്രസ് മുന്‍കൈയെടുത്ത് പുറത്താക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച കാബിനറ്റ് പുനഃസംഘടിപ്പിക്കുകയും ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയന്റെ സമ്മര്‍ദത്തിനു വഴങ്ങി കടുത്തസാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് രണ്ടാംഘട്ട രക്ഷാപദ്ധതിക്കായി പാര്‍ലമെന്റ് അംഗങ്ങളുടെ അംഗീകരം നേടാന്‍് വോട്ടെടുപ്പു നടത്തേണ്ടി വന്നത്.

പൂര്‍ണ മനസോടെയല്ല താന്‍ പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് തയ്യാറാവുന്നതെന്ന് വോട്ടെടുപ്പിന് മുന്‍പ് സംസാരിക്കവെ സിപ്രസ് വ്യക്തമാക്കിയിരുന്നു. കടക്കെണിയില്‍ മുങ്ങിയ ഗ്രീസിനെ രക്ഷിക്കാന്‍ ഇതുവരെ ഒമ്പതു മാറ്റങ്ങളാണ് ഇടതു നേതാവായ സിപ്രസ് വരുത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക