സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഗ്രീസിൽ നടന്ന ഹിതപരിശോധനയിൽ സർക്കാർ നിലപാടിന് പിന്തുണ. രാജ്യാന്തര വായ്പകൾ നേടാൻ കടുത്ത നിബന്ധനകൾ അംഗീകരിക്കേണ്ടതുണ്ടോ എന്ന ഹിതപരിശോധനയിൽ ഇല്ല എന്ന അഭിപ്രായത്തിനാണ് ഭൂരിപക്ഷം ലഭിച്ചത്. ഹിതപരിശോധനയിൽ 61 ശതമാനം പേർ ഇല്ല എന്നു രേഖപ്പെടുത്തി. 39 ശതമാനം പേർ ഉണ്ട് എന്നും രേഖപ്പെടുത്തി.
യൂറോപ്യൻ യൂണിയനും യൂറോപ്യൻ സെൻട്രൽ ബാങ്കും മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കേണ്ടെന്ന് ഭൂരിപക്ഷം ജനങ്ങളും തീരുമാനിക്കുകയായിരുന്നു. പ്രാദേശിക സമയം കാലത്ത് ഏഴുമണിയോടെയാണ് വോട്ടെടുപ്പ് തുടങ്ങിയത്. സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുക, ക്ഷേമ പെൻഷനുകൾ നിർത്തിവയ്ക്കുക തുടങ്ങി ഒട്ടേറെ സാമ്പത്തിക അച്ചടക്ക നിർദേശങ്ങളാണ് യൂറോപ്യൻ യൂണിയൻ മുന്നോട്ടുവച്ചിരുന്നത്. ഫലം പുറത്തു വന്നതോടെ ഗ്രീസിലെ തെരുവുകളിൽ സർക്കാർ അനുകൂലികളുടെ ആഹ്ലാദപ്രകടനം തുടരുകയാണ്.
ജനങ്ങളുടെ വോട്ട് യൂറോപ്യൻ യൂണിയന് എതിരായതോടെ ഗ്രീസ് യൂറോ മോഖലയിൽ നിന്നും യൂറോ കറൻസിയിൽ നിന്നും പുറത്താകും. യൂറോയ്ക്ക് പകരം പഴയ കറൻസിയായ ദ്രാക്മയോ മറ്റൊരു പുതിയ കറൻസിയോ ഗ്രീസിൽ നിലവിൽ വരും. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ നാളെ യൂറോപ്യൻ യൂണിയൻ യോഗം ചേരും. ഹിതപരിശോധന പ്രഖ്യാപിച്ച കഴിഞ്ഞയാഴ്ച മുതൽ ഗ്രീസിലെ ബാങ്കുകളുടെ പ്രവർത്തനം മന്ദീഭവിച്ചിരുന്നു.
സര്‍ക്കാര്‍ നിലപാടിനെ ജനങ്ങള്‍ ശരിവച്ചെങ്കിലും വരും ദിനങ്ങളില്‍ ഗ്രീസ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നതു സംബന്ധിച്ച ആശങ്കകള്‍ ഏറുകയാണ്. ബാങ്കുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ പ്രതിദിന ചെലവുകള്‍ക്കുപോലും എങ്ങനെ നടക്കുമെന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. ശമ്പളവും പെന്‍ഷനുമൊക്കെ ഇപ്പോള്‍ത്തന്നെ മുടങ്ങിയിരിക്കുകയാണ്.
ഗ്രീസിലുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി യൂറോയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. യൂറോയ്ക്കു പകരം സ്വന്തമായി ഗ്രീസ് കറന്‍സി അച്ചടിക്കേണ്ടിവരും. യൂറോയ്ക്കെതിരെ ഡോളര്‍ ശക്തിപ്രാപിക്കുന്നതു രൂപയടക്കമുള്ള കറന്‍സികള്‍ക്കും തിരിച്ചടിയാകും. ഇത് യൂറോപ്പിനു പുറത്തും സാമ്പത്തിക രംഗത്ത് ചലനം സൃഷ്ടിച്ചേക്കും.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ ഐ.എം.എഫ് ഗ്രീസിന് 7.2 ബില്യൻ ഡോളറിന്റെ സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. നിശ്ചിത സമയത്ത് ഇത് തിരിച്ചടക്കാൻ ഗ്രീസിന് കഴിയാതിരുന്നതോടെയാണ് വീണ്ടും പ്രതിസന്ധി രൂപപ്പെട്ടത്. യൂറോപ്യൻ യൂണിയൻ നിർദേശങ്ങൾ തള്ളിക്കളയണമെന്നായിരുന്നു അലക്‌സിസ് സിപ്രസ് സർക്കാറിന്റെ ആവശ്യം.