ഏഷ്യന്‍ ഗെയിംസില്‍ പത്താം സ്വര്‍ണം കുറിച്ച് വനിതാ കബഡിയില്‍ ഇന്ത്യ ജേതാക്കളായി. ഫൈനലില്‍ ഇറാനെ 31-21 ന് വീഴ്‌ത്തിയാണ് ഇന്ത്യ ഗെയിംസ് ഇനത്തിലെ വീണ്ടും സുവര്‍ണ നേട്ടം കരസ്ഥമാക്കിയത്. ശക്‌തമായ മത്സരത്തിനൊടുവില്‍ ഇറാന്റെ അതിജീവനത്തെ ഇന്ത്യ മലര്‍ത്തിയടിക്കുകയായിരുന്നു.
ആദ്യ പകുതിയില്‍ ഇന്ത്യയോട് ഇഞ്ചോടിഞ്ച് പോരാടിയ ഇറാന്‍ 15 - 11 എന്ന സ്‌കോറില്‍ എത്തിയിരുന്നു. ഇന്ത്യയ്‌ക്ക് ബോണസ് പോയിന്റ് പോലും നിഷേധിച്ചായിരുന്നു ഇറാന്റെ മുന്നേറ്റം. എന്നാല്‍ രണ്ടാം പകുതിയില്‍ ഏകപക്ഷീയമായ പോരാട്ടം തന്നെ ഇന്ത്യ പുറത്തെടുത്തതോടെ ഇറാന്റെ പ്രതിരോധം ദുര്‍ബലമായി പോകുകയായിരുന്നു.
കബഡിയില്‍ ഇന്ത്യ ഇന്ന് മറ്റൊരു സ്വര്‍ണം കൂടി പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ പുരുഷ ടീം കലാശപ്പോരാട്ടത്തില്‍ ഇറാനെ നേരിടും. ഏഷ്യന്‍ ഗെയിംസില്‍ കബഡി ഉള്‍പ്പെടുത്തിയ കാലം മുതല്‍ക്ക് സ്വര്‍ണം ഇന്ത്യന്‍ പുരുഷ ടീമിന്റെ കുത്തകയാണ്.