തിരുവനന്തപുരം ദുബായ് എമിറേറ്റ്സ് വിമാനം ലാൻഡിംഗിനിടെ ദുബായ് വിമാനത്താവളത്തിൽ തീപിടിച്ചു കത്തിനശിച്ചതിനെ സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് യുഎഇ ഫെഡറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഇന്ന് പുറത്തുവിട്ടു.
അപകടം നടക്കുന്ന ദിവസം കനത്ത പൊടിക്കാറ്റും വീശിയിരുന്നു. ഏതുനിമിഷവും കാറ്റിന്റെ ഗതി മാറുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാവിലെ തന്നെ യുഎഇയിലെ വിവിധ വിമാനത്താവളങ്ങൾക്ക് നിര്‍ദേശം നല്‍കിയിരുന്നു. പൊടിക്കാറ്റ് വീശിയിരുന്നതിനാല്‍ സംഭവം നടന്ന വിമാനത്താവളത്തില്‍ നാലു കിലോമീറ്റർ മാത്രമായിരുന്നു ദൂരക്കാഴ്ച.
വിമാനം ലാൻഡ് ചെയ്യവെ കാറ്റിന്റെ തീവ്രതയിലും ഗതിമാറ്റത്തിലും വിമാനം ആടിയുലഞ്ഞതാണ് അപകടത്തിന് കാരണമായത്. ചക്രങ്ങൾ റൺവേയിൽ തൊട്ടെങ്കിലും അപകടസാധ്യത മുന്നിൽക്കണ്ട് പൈലറ്റ് വിമാനം പെട്ടെന്ന് ഉയർത്താൻ ശ്രമിച്ചു. എന്നാൽ, ചക്രങ്ങൾ ഉള്ളിലേക്കു കയറിയതിനാൽ വീണ്ടും ഉയരാനുള്ള ശ്രമം പരാജയപ്പെട്ടു വിമാനം ശക്‌തമായി നിലത്തിടിക്കുകയുമായിരുന്നുവെന്നു റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
എയർക്രാഫ്റ്റ് കമാൻഡറും മുതിർന്ന ജീവനക്കാരുമാണ് ഏറ്റവുമൊടുവിൽ വിമാനത്തിൽ നിന്നിറങ്ങിയത്. തീ പിടിച്ചയുടൻ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ പുക നിറഞ്ഞത് യാത്രക്കാരിലും ജീവനക്കാരിലും അധികൃതരിലും പരിഭ്രാന്തിയുണ്ടാക്കി. എന്നാല്‍, ജീവനക്കാര്‍ മികച്ച രീതിയില്‍ സാഹചര്യത്തില്‍ ഇടപെടുകയും എക്‍സിറ്റ് വാതില്‍ തുറന്ന് യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവനക്കാരിൽ ഒരാൾ കനത്ത പുക ശ്വസിച്ച് അവശനിലയിലായതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ നൽകി. പൊട്ടിത്തെറിയിൽ അകപ്പെട്ടാണ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ ജാസിം ഈസാ അൽ ബലൂഷി(27) മരിച്ചത്. ജാസിമിന്റെ ധീര നടപടിയാണു യാത്രക്കാരുടെ ജീവൻ രക്ഷിച്ചതെന്നും 24 യാത്രക്കാർക്ക് നിസാര പരിക്കേൽക്കുകയും ചെയ്‌തെന്നും റിപ്പോർട്ടിലുണ്ട്. കാലാവസ്ഥാ ശാസ്ത്രജ്ഞർ, വിമാന നിർമാണ രംഗത്തെ വിദഗ്ധർ എന്നിവരും അന്വേഷണവുമായി സഹകരിച്ചതായി അധികൃതർ പറഞ്ഞു.