ആഗോള താപനം ഭൂമിയില്‍ സമുദ്രനിരപ്പ് പ്രതീക്ഷിച്ചതിലും അധികമായി ഉയര്‍ത്തിയേക്കാമെന്നും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ പല നഗരങ്ങളും കറ്റലിനടിയിലാകുമെന്നും കാലാവസ്ഥാ പഠന ഫലങ്ങള്‍. കാലാവസ്ഥയിൽ ഇപ്പോൾ കാണുന്ന മാറ്റങ്ങൾ തുടർന്നാൽ സമുദ്രനിരപ്പ് 20 അടിയോളം ഉയരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കഴിഞ്ഞ 30 വർഷമായി ആഗോള താപനത്തെ തുടർന്ന് ധ്രുവങ്ങളിലെ മഞ്ഞുരുകുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തില്‍ നിന്നാണ് ഈ കണ്ടെത്തൽ.
നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ 2100ൽ ഭൂമിയിലെ ചൂട് 4.3 ഡിഗ്രി സെൽഷ്യസ് വർധിക്കുമെന്നും ഇത് ധ്രുവ പ്രദേശങ്ങളിലെ മഞ്ജ്നുരുകുന്നതിന്റെ വേഗം കൂട്ടുമെന്നും പഠനം പറയുന്നു. ഭൂമി ചൂടാകുമ്പോൾ ധ്രുവങ്ങളാണ് ഏറ്റവും വേഗത്തിൽ ചൂടാകുന്നത്. അന്റാർട്ടിക്കയിലെയും ഗ്രീൻലാൻഡിലെയും മഞ്ഞുകട്ടകൾ ഉരുകിത്തീരും.
ഇത്തരത്തില്‍ സമുദ്രനിരപ്പ് ഉയരുന്നത് ലക്ഷക്കണക്കിനു ജനങ്ങളെ ബാധിക്കും. സമുദ്രനിരപ്പ് ഉയർന്നാൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വരുന്ന നഗരങ്ങളില്‍ ഇന്ത്യയിലെ മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളും ഉണ്ട്. അമേരിക്കയിലെ മിയാമി നഗരം, ന്യൂയോർക്ക് സിറ്റി, ഹോങ്കോങ്, ബാങ്കോക്ക് എന്നിവ കടലിനടിയിലാകും. കൂടാതെ സുമുദ്രനിരപ്പുയരുന്നത് ഇരുപതോളം രാജ്യങ്ങളെ നേരിട്ട് ബാധിക്കുന്നതാണ്.