ദുബായ് പൊലീസ് ഇനി 'പറന്നെത്തും'....! സത്യമായിട്ടും പറക്കും....

Webdunia
വ്യാഴം, 19 നവം‌ബര്‍ 2015 (15:39 IST)
ലോകത്തെ ഏറ്റവും സ്മാര്‍ട്ട് പൊലീസ് എന്നാണ് ഇപ്പോള്‍ ദുബായ് പൊലീസിനെ വിശേഷിപ്പിക്കാറ്. ഇപ്പോഴിതാം ലോക പൊലീസായ അമേരിക്ക പോലും ഞെട്ടുന്ന തരത്തില്‍ അത്യാവശ്യഘട്ടങ്ങളില്‍ ഗതാഗത കുരുക്കില്‍ പെടാതെ എത്തേണ്ട സ്ഥലങ്ങളില്‍ പറന്നെത്താന്‍ തയ്യാറെടുക്കുകയാണ് ദുബായ് പൊലീസ്.

പറന്നെത്തുക എന്ന് പറഞ്ഞാല്‍ ഹെലികോപ്റ്ററിലോ വിമാനത്തിലോ എത്തുക എന്നല്ല. ഓരോ പൊലീസ് ഉദ്യോഗസ്ഥനും ഇനി സ്വയം പറന്ന് വരും...! അമ്പരക്കേണ്ട അതാണ് ദുബായ് പൊലീസ്.  250,000 ഡോളറാണ് (ഏകദേശം 1.6 കോടി രൂപ) വിലവരുന്ന 20 ജെറ്റ് പാക്കുകള്‍ വങ്ങാനായി തയ്യാറെടുക്കുകയാണ് ദുബായ് അധികൃതര്‍.

ജെറ്റ്പാക്കിനെ സ്വന്തമാക്കാനുള്ള ഒരുക്കങ്ങള്‍ പൊലീസ് തുടങ്ങിയെന്നും ജെറ്റ്പാക്കുകള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടെന്നുമാണ് ദുബായില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍. പരിശീലനം, സ്‌പെയര്‍ പാര്‍ട്‌സ്, ഇതര സര്‍വീസുകള്‍ എന്നിവ അടങ്ങിയതാണ് കരാര്‍. ആദ്യഘട്ടത്തി20 എണ്ണവും പിന്നീട് കാര്യക്ഷമത പരിശോധിച്ചതിനു ശേഷം കൂടുതലെണ്ണം വാങ്ങാനുമാണ് ദുബായിയുടെ പദ്ധതി.

ന്യൂസിലാന്‍ഡ് ആസ്ഥാനമായുള്ള മാര്‍ട്ടിന്‍ എന്ന വിമാന നിര്‍മ്മാണ കമ്പനിയാണ് ജെറ്റ് പാക്കിന്റെ നിര്‍മ്മാതാക്കള്‍. 120 കിലോഗ്രാം ഭാരം താങ്ങാനുള്ള ശേഷി ഇവയ്ക്കുണ്ട്. 3000 അടി ഉയരത്തില്‍ വരെ പറക്കാന്‍ ശേഷിയുണ്ട് ഈ ജെറ്റ്പാക്കുകള്‍ക്ക്. മണിക്കൂറില്‍ 74 കിലോമീറ്റര്‍ വേഗതയിലെത്താനും ഇവയ്ക്ക് കഴിയും.

റോഡപകടങ്ങള്‍, തീപിടുത്തം, മറ്റ് അത്യാഹിതങ്ങള്‍ എന്നിവയോടെ വേഗത്തില്‍ പ്രതികരിക്കാന്‍ ഇതിലൂടെ ദുബായ് പൊലീസ്, അഗ്നിശമന സേനകള്‍ക്ക് സാധിക്കും. ഈ മാസം ദുബായില്‍ നടന്ന എയര്‍ഷോയിലെ മുഖ്യാകര്‍ഷണമായിരുന്നു ജെറ്റ് പാക്ക്. പൈലറ്റിന്റെ ശരീരത്തില്‍ ഘടിപ്പിക്കുന്ന ഈ ജെറ്റ് പാക്കിനെ റിമോട്ട് കണ്‍ട്രോള്‍ വഴിയും പൈലറ്റ് മുഖാന്തിരവും നിയന്ത്രിക്കാന്‍ സാധിക്കും.

നിലവില്‍  ലോകത്തെ മികച്ച സൂപ്പര്‍ കാറുകളുടെ ശേഖരമുള്ള പോലീസ് സേനയാണ് ദുബായിലേത്. ബുഗാട്ടി, ഫെറാറി, ലാംബോര്‍ഗിനി, ബെന്‍സ് തുടങ്ങി സൂപ്പര്‍ കാറുകളുടെ ഒരു വന്‍ നിരത്തന്നെ ദുബായ് പോലീസിനുണ്ട്. നഗരത്തില്‍ ബുദ്ധിമുട്ട് സൃഷ്ടിച്ച് ചീറിപ്പായുന്ന സ്‌പോര്‍സ് കാറുകളെ പിടികൂടാനായാണ് ഈ കാറുകളെല്ലാം. അത് കൂടാതെയാണ് ജെറ്റ് പാക്കുകള്‍ വാങ്ങാന്‍ ദുബായ് തയ്യാറെടുക്കുന്നത്. ഇനി ആകാശത്തുകൂടി ഓരോ ദുബായ് പൊലീസുകാരനും പറന്നെത്തുന്ന കാലം അതി വിദൂരമല്ല.