ഏപ്രില്‍ ഒന്നു മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുറയും

Webdunia
വെള്ളി, 25 മാര്‍ച്ച് 2016 (10:19 IST)
ഏപ്രില്‍ മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുറയ്ക്കുമെന്ന് ജി സി സി സാമ്പത്തിക വികസന വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അബ്ദുല്ലാ അല്‍ ഷിബ് ലി വ്യക്തമാക്കി. ഔട്ട് ഗോയിംഗ്, ഇന്‍കമിംഗ്, ഔട്ട് ഗോയിംഗ് എസ് എം എസ് എന്നിവക്കുള്ള റോമിംഗ് നിരക്കുകളാണ് കുറക്കുന്നത്. നാല്‍പ്പത് ശതമാനത്തിന്റെ കുറവാണ് ഏപ്രില്‍ ആദ്യം മുതല്‍ നിലവില്‍ വരുന്നതെന്ന് അല്‍ ഷിബ് ലി പറഞ്ഞു.
 
അംഗരാജ്യങ്ങള്‍ക്കിടയില്‍ റോമിംഗ് നിരക്ക് കുറക്കുന്നതിന്റെ ആദ്യഘട്ടമാണ് ഏപ്രില്‍ മുതല്‍ നടപ്പിലാക്കുന്നത്. തുടര്‍ന്ന് ജി സി സിയുടെ സാങ്കേതിക വിഭാഗം കുറഞ്ഞ നിരക്ക് സംബന്ധിച്ച് പഠനം നടത്തുകയും മന്ത്രിതല സമിതിക്ക് ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്യും. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ഫോണ്‍ കോളുകളുടെ നിരക്കും സേവനങ്ങളും നിരീക്ഷിക്കുന്നതിന് പ്രത്യേക സമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അംഗരാജ്യങ്ങള്‍ക്കിടയില്‍ പലവിധ ആവശ്യങ്ങള്‍ക്കായി സ്ഥിരമായി യാത്രചെയ്യുന്നവര്‍ക്ക് ഏറെ ആശ്വാസമാകുന്ന തീരുമാനമാണിത്. ടെലികോം മന്ത്രാലയ ഉന്നതാധികാര സമിതിയുടെ നിര്‍ദേശം, മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള തപാല് എന്നിവ പരിഗണിച്ചാണ് നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്.
 
നിലവില്‍ സൗദിയില്‍ നിന്ന് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിളിക്കുന്നതിനു മിനിറ്റിന് 1.03 റിയാലാണ് നിരക്ക്. ഇന്‍കമിംഗ് എസ് എം എസ് സൗജന്യമായി ലഭിക്കുന്നത് തുടരും. 2013 മുതല്‍ തന്നെ റോമിംഗ് നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നു വന്നിരുന്നു.