118 യാത്രക്കാരുമായി പുറപ്പെട്ട ലിബിയന്‍ വിമാനം അക്രമികള്‍ റാഞ്ചി; മാള്‍ട്ടയില്‍ ഇറക്കി

വെള്ളി, 23 ഡിസം‌ബര്‍ 2016 (17:25 IST)
ലിബിയയില്‍ നിന്നും യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം അക്രമികള്‍ റാഞ്ചി. 118 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനമാണ് അക്രമികള്‍ റാഞ്ചിയത്. പിന്നീട് വിമാനം മാള്‍ട്ടയില്‍ ഇറക്കി. ഔദ്യോഗികവൃത്തങ്ങള്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
 
തെക്കു പടിഞ്ഞാറന്‍ ലിബിയയിലെ സേബയില്‍ നിന്നും തലസ്ഥാനമായ ട്രിപ്പോളിയിലേക്ക്​ യാത്രതിരിച്ച വിമാനമാണ്​ റാഞ്ചിയത്​. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ വിമാനം തകര്‍ക്കുമെന്നും അക്രമികള്‍ ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
അതേസമയം, വിമാനം റാഞ്ചിയവരുടെ ആവശ്യങ്ങള്‍ എന്തെന്ന് വ്യക്തമല്ല. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള ആഫ്രിഖിയാ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 320 വിമാനമാണ് അക്രമികള്‍ റാഞ്ചിയത്. അതേസമയം, വിമാനം മാള്‍ട്ടയില്‍ ഇറക്കിയത് സ്ഥിരീകരിച്ചതായും അടിയന്തിര സുരക്ഷ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക