ഗാസയിലെ സ്ഥിതി ഭീതിജനകം; കൊല്ലപ്പെട്ടവര്‍ നൂറിലധികം

Webdunia
ശനി, 12 ജൂലൈ 2014 (08:19 IST)
നാലാംദിവസവും ഗാസാ മുനമ്പില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടര്‍ന്നതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 100-ല്‍ അധികമായി. വെള്ളിയാഴ്ച പത്തു പാലസ്‌തീന്‍കാര്‍ ബോംബിംഗില്‍ കൊല്ലപ്പെട്ടത്‌. 
 
ഇസ്രയേല്‍ ഗാസ അതിര്‍ത്തിലേക്ക്‌ ടാങ്കുകളും യുദ്ധക്കോപ്പുകളും നീക്കുകയും 33,000 റിസര്‍വ്‌ സേനാംഗങ്ങളെ സജ്‌ജമാക്കുകയും ചെയ്‌തു‌. റാഫയില്‍ നടത്തിയ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞടക്കം അഞ്ചുപേരാണു മരിച്ചു. നാലുദിവസമായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ അറുനൂറിലധികം പേര്‍ക്കു പരുക്കേറ്റു‌. മുന്നൂറിലധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. രണ്ടായിരത്തിലധികംപേര്‍ ഭവനരഹിതരായി. അതിനിടെ ലബനനില്‍നിന്ന്‌ ഇസ്രയേലിനു നേര്‍ക്ക്‌ റോക്കറ്റ്‌ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.  
 
റോക്കറ്റാക്രമണത്തില്‍ പ്രകോപിതരായ ഇസ്രയേല്‍ ലബനനു നേര്‍ക്കു ശക്‌തമായ തിരിച്ചടിനല്‍കി. ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിനുനേര്‍ക്ക്‌ ആക്രമണം നടത്തുമെന്നും ഇവിടേക്ക്‌ സര്‍വീസ്‌ നടത്തുന്നതില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കണമെന്നും തീവ്രഗ്രൂപ്പായ ഹമാസ്‌ എയര്‍െലെന്‍സ്‌ കമ്പനികള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. 
 
ഗാസാ മുനമ്പില്‍നിന്നുള്ള ആക്രമണങ്ങളെ അപലപിച്ച ഒബാമ ഇസ്രയേലിനു സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന യുഎസ്‌. നിലപാട്‌ ആവര്‍ത്തിച്ചു. വെടിനിര്‍ത്തല്‍ അജന്‍ഡയില്‍ പോലുമില്ലെന്ന്‌ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്‌തമാക്കി.