വിഭിന്നമായി ജനവിധിയുണ്ടായ സാഹചര്യത്തില്‍ കപ്പലിന്റെ അമരക്കാരനായി നില്‍ക്കുന്നത് ഉചിതമല്ല; കാമറൂൺ രാജി പ്രഖ്യാപിച്ചു

Webdunia
വെള്ളി, 24 ജൂണ്‍ 2016 (13:52 IST)
യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുപോകണമെന്ന് ബ്രിട്ടീഷ് ജനത വിധിയെഴുതിയതോടെ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ രാജി പ്രഖ്യാപിച്ചു. രാജ്യത്തെ സേവിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെങ്കിലും പുതിയ നേതാവിനെയാണ് രാജ്യത്തിന് ആവശ്യം. ജനവിധിയെ നിസാരമായി തള്ളിക്കളയാനാവില്ല. ബ്രിട്ടീഷ് ജനഹിതം പ്രാവര്‍ത്തികമാക്കേണ്ട നിര്‍ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ അഭിപ്രായത്തില്‍ നിന്നു വിഭിന്നമായി ജനവിധിയുണ്ടായ സാഹചര്യത്തില്‍ കപ്പലിന്റെ അമരക്കാരനായി നില്‍ക്കുന്നത്  ഒട്ടും ഉചിതമല്ല. ഹിതപരിശോധനാഫലത്തെക്കുറിച്ച് ഒരു സംശയവുമില്ല. ബ്രിട്ടീഷ് സാമ്പത്തികവ്യവസ്ഥ അടിസ്ഥാനപരമായി വളരെ ശക്തമാണ്. നമ്മുടെ സാമ്പത്തികവ്യവസ്ഥയെക്കുറിച്ച് ആശങ്കയുടെ കാര്യമില്ലെന്നും കമറൂണ്‍ വ്യക്തമാക്കി.

അടുത്ത മൂന്നു മാസം കൂടി കാമറൂണ്‍ അധികാരത്തില്‍ തുടരും. ഒക്ടോബറില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കും.

1,269,501 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബ്രിട്ടീഷ് ജനത ചരിത്രപരമായ ഈ തീരുമാനമെടുത്തത്. ഇതിനായി നടത്തിയ ഹിതപരിശോധനയിൽ 52% വോട്ടർമാർ (17,410,742) പിന്മാറാനുള്ള തീരുമാനത്തെ അനുകൂലിച്ചു. യൂണിയനിൽ നിലനിൽക്കണമെന്ന് അഭിപ്രായപ്പെട്ടത് 48% (16,141241) വോട്ടർമാരാണ്. 4.64 കോടി വോട്ടർമാരിൽ 71.8% പേരാണ് ഹിതപരിശോധനയിൽ വോട്ടു രേഖപ്പെടുത്തിയത്.

രാജ്യത്തെ യൂണിയനിൽ നിലനിർത്താൻ പരമാവധി പരിശ്രമിച്ച ഡേവിഡ് കാമറൂണിന് ഹിതപരിശോധനാ ഫലം കനത്ത തിരിച്ചടിയായി. കാമറണിന്റെ തുടര്‍ന്നുള്ള രാഷ്ട്രീയ ഭാവിയെയും യൂണിയന്റെ നിലനിൽപിനെയും പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്.

ജനങ്ങളുടെ ഈ തീരുമാനം 43 വർഷമായി യൂറോപ്പിലെ മറ്റു 27 രാജ്യങ്ങളുമായി ബ്രിട്ടൻ തുടർന്നുവന്ന രാഷ്ട്രീയ- സാമ്പത്തിക സഖ്യത്തിന് അന്ത്യം കുറിക്കും. 1993ൽ യൂറോപ്യൻ യൂണിയൻ പുനഃസംഘടിപ്പിച്ചതിനെ തുടർന്നുണ്ടായ അനിയന്ത്രിതമായ കുടിയേറ്റമാണ് ഹിതപരിശോധനയ്‌ക്ക് വഴിവച്ചത്.

അതേസമയം, വിപണിയില്‍ വന്‍ ഇടിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പൌണ്ടിന്റെ മൂല്യത്തില്‍ കഴിഞ്ഞ 31 വര്‍ഷത്തിനിടെയുള്ള ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടണ്‍ പുറത്തു പോകേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണിത്.

‘ബ്രിട്ടീഷ് എക്സിറ്റ്’ എന്നതിന്റെ ചുരുക്കമാണ് ബ്രെക്സിറ്റ്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പുറത്തുപോക്ക് എന്നര്‍ത്ഥം. യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ചാണ് ഹിതപരിശോധന നടന്നത്.
Next Article