കോവിഡ് വായുവിലൂടെയും പകരും; ഞെട്ടിക്കുന്ന പഠനം

വെള്ളി, 16 ഏപ്രില്‍ 2021 (18:44 IST)
കോവിഡ് വായുവിലൂടെയും പകരാം എന്നതിനു ശക്തമായ തെളിവ് ലഭിച്ചതായി പ്രമുഖ ആരോഗ്യ മാസികയായ ലാന്‍സെറ്റ് അവകാശപ്പെടുന്നു. വായുവിലൂടെ വൈറസ് പകരുമ്പോള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകും. രോഗവ്യാപനം അതിവേഗത്തിലാകാന്‍ കാരണം വായുവിലൂടെ വൈറസ് പടരുന്നതാണെന്നും ലാന്‍സെറ്റ് വ്യക്തമാക്കി.
 
ഇംഗ്ലണ്ട്, അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് വിദഗ്ധ ശാസ്ത്രജ്ഞര്‍ ലാന്‍സെറ്റിന് വേണ്ടി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 
 
'വായുവിലൂടെ വൈറസ് പകരുന്നതിനെ പിന്തുണയ്ക്കുന്ന തെളിവുകള്‍ വളരെ വലുതാണ്. എന്നാല്‍, വളരെ വലിയ രീതിയില്‍ വായുവിലൂടെ വ്യാപനം ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല,' ശാസ്ത്രജ്ഞന്‍ ജോസ് ലൂയിസ് ജിമെനെസ് പറഞ്ഞു. ലോകാരോഗ്യ സംഘടനയും മറ്റ് പൊതുജനാരോഗ്യ ഏജന്‍സികളും വായുവിലൂടെയുള്ള കോവിഡ് വ്യാപനത്തെ കുറിച്ച് ശാസ്ത്രീയ തെളിവുകളില്‍ വ്യക്തത വരുത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഇതേ കുറിച്ച് വ്യക്തത ലഭിച്ചാല്‍ വായുവിലൂടെ പകരുന്നത് കുറയ്ക്കാന്‍ ആവശ്യമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
സ്‌കാജിറ്റ് കൊയിര്‍ പരിശീലനത്തില്‍ പങ്കെടുത്ത 53 പേര്‍ക്ക് ഒരു രോഗബാധിതനില്‍ നിന്ന് വൈറസ് ബാധിച്ചതായാണ് പറയുന്നത്. എന്നാല്‍, ഇവര്‍ക്കൊന്നും തന്നെ അടുത്ത് ഇടപഴകിയതിലൂടെയോ സ്പര്‍ശനത്തിലൂടെയോ ആണ് രോഗം ബാധിച്ചതെന്ന് പറയാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് വായുവിലൂടെ രോഗവ്യാപനം നടക്കുന്നതിനു ശക്തമായ തെളിവുകള്‍ ഉള്ളതായി പറയാന്‍ സാധിക്കുന്നതെന്നും ലാന്‍സെറ്റിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 
 
ലോകത്തെമ്പാടും വളരെ നിശബ്ദമായ രീതിയില്‍ കോവിഡ് വ്യാപനം നടക്കുന്നു. തുമ്മല്‍, ചുമ പോലുള്ള ലക്ഷണങ്ങള്‍ പോലും ഇല്ലാത്തവരില്‍ നിന്നാണ് 40 ശതമാനം പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് പഠനം. വായുവിലൂടെയുള്ള രോഗവ്യാപനത്തിന് സൂചനയായി ചൂണ്ടിക്കാണിക്കുന്ന ഒരു ഘടകം ഇതാണ്. വായൂസഞ്ചാരം കുറഞ്ഞ മുറികളില്‍ കോവിഡ് വ്യാപനത്തിനു സാധ്യത വളരെ കൂടുതലാണെന്നും പഠനങ്ങളില്‍ പറയുന്നു. വായുവിലൂടെ വൈറസ് വ്യാപനത്തിനുള്ള സാധ്യത വളരെ ഗൗരവമായി എടുക്കണമെന്ന് ലാന്‍സെറ്റ് ലോകാരോഗ്യസംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍