മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയാല്‍ ഇന്ത്യ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ചൈനീസ് പത്രം

തിങ്കള്‍, 25 ജൂലൈ 2016 (12:19 IST)
ചൈനയുടെ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയാല്‍ ഇന്ത്യ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈനീസ് പത്രം. ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ ഉടമസ്ഥതയിലുള്ള പീപ്പിൾസ്​ ​ഡെയ്​ലി പ്രസിദ്ധീകരിക്കുന്ന പത്രമായ ഗ്ലോബൽ ടൈംസാണ്​ ഇന്ത്യയുടെ നടപടിക്കെതി​രെ മുഖപ്രസംഗം എഴുതിയത്​.
 
ചൈനയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ‘സിന്‍ഹുവ’യ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ പുറത്താക്കുകയാണെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇന്ത്യ നേരിടേണ്ടി വരുമെന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. 
 
ഇന്ത്യയുടെ ആണവ വിതരണ ഗ്രൂപ്പ്​ (എന്‍ എസ് ​ജി) അംഗത്വത്തെ ചൈന എതിര്‍ത്തതിലുള്ള പ്രതികാരമാണ്​ ഈ നടപടി. അങ്ങനെയെങ്കിൽ ഇതിനു തക്കതായ അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും മുഖപ്രസംഗം മുന്നറിയിപ്പു നൽകുന്നുണ്ട്. മൂന്നു ചൈനീസ് മാധ്യമപ്രവര്‍ത്തകരുടെ വിസ പുതുക്കി നല്‌കാന്‍ ഇന്ത്യ തയ്യാറാകാത്ത സാഹചര്യത്തില്‍ ആയിരുന്നു ചൈനീസ് പത്രത്തിന്റെ ഈ പ്രതികരണം.
 
അതേസമയം, വിസ പുതുക്കി നൽകാത്തതിന്റെ  കാരണം ഇന്ത്യ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. വ്യാജപേര് ഉപയോഗിച്ച് മാധ്യമപ്രവർത്തകർ വിവരങ്ങൾ അറിയാൻ ശ്രമിച്ചുവെന്നും തിബറ്റൻ നേതാക്കളുമായി ഇവർ ചർച്ച നടത്തിയെന്നും ഇന്ത്യൻ മാധ്യമങ്ങൾ ആരോപിക്കുന്നു. 
 
സിൻഹുവ ന്യൂസ്​ ഏജൻസിയുടെ ഡൽഹി ബ്യൂറോ ചീഫ്​ വു ക്വിയാങ്​, മുംബൈയിൽ ജോലി ചെയ്യുന്ന ലൂ താങ്​, ഷി യോങ്ങാങ്​ എന്നിവരോട്​ ജൂലൈ 31നകം​ രാജ്യം വിടാനാണ്​ ഇന്ത്യ നിർദേശിച്ചിരിക്കുന്നത്​​.

വെബ്ദുനിയ വായിക്കുക