ഭീകരബന്ധം സംശയിച്ച്‌ അറസ്‌റ്റ് ചെയ്‌ത ഇന്ത്യാക്കാരനെ ചൈന വിട്ടയച്ചു

Webdunia
ശനി, 18 ജൂലൈ 2015 (13:52 IST)
ഭീകരബന്ധം സംശയിച്ച്‌ അറസ്‌റ്റ് ചെയ്‌ത ഇന്ത്യാക്കാരനെ ചൈന വിട്ടയച്ചു. ചൈനയില്‍ 20 വിദേശികള്‍ക്കൊപ്പം പിടിയിലായ രാജീവ്‌ മോഹന്‍ കുല്‍ശ്രേഷ്‌ഠയാണ്‌ സ്വതന്ത്രനായത്‌. ജീവകാരുണ്യ സംഘടനയായ ഗിഫ്‌റ്റ് ഓഫ്‌ ഗിവേഴ്‌സുമായി ചൈനയില്‍ 47 ദിന ടൂറിനായി എത്തിയവരെ ഇന്നര്‍ മംഗോളിയന്‍ നഗരമായ എര്‍ഡോസില്‍ വെച്ച്‌ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

നിരോധിത സംഘടനയുമായി ബന്ധപ്പെട്ട തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ വീഡിയോ ഹോട്ടലില്‍ കണ്ടവരെയാണ്‌ അറസ്‌റ്റ് ചെയ്‌തെന്നായിരുന്നു ചൈനീസ്‌ വാദം. എന്നാല്‍ ഇവര്‍ക്ക്‌ തീവ്രവാദമോ നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധമോ ഇല്ലെന്ന്‌ ഗിഫ്‌റ്റ് ഓഫ്‌ ഗിവേഴ്‌സ് പിന്നീട്‌ വിവരം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഈ ആഴ്‌ച ആദ്യം ചൈന മറ്റ്‌ 11 പേരെ മോചിപ്പിച്ചിരുന്നെങ്കിലും കുല്‍ശ്രേഷ്‌ഠ ഉള്‍പ്പെടെ ഒമ്പതു പേരെ ചൈന ഇന്നര്‍ മംഗോളിയയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

രാജീവ്‌ മോഹനെ കഴിഞ്ഞ ദിവസം രാത്രിയിലാണ്‌ ചൈനീസ്‌ അധികൃതര്‍ വെറുതേവിട്ടത്‌. കഴിഞ്ഞ കുറേ ദിവസമായി ബീജിംഗിലെ ഇന്ത്യന്‍ എംബസി കുല്‍ശ്രേഷ്‌ഠയുടെ മോചനത്തിനായുള്ള നയതന്ത്ര ഇടപെടലുകള്‍ നടത്തിവരികയായിരുന്നു. മൂന്ന്‌ ബ്രിട്ടീഷുകാരും അഞ്ചു ദക്ഷിണാഫ്രിക്കക്കാരുമാണ്‌ മറ്റുള്ളവര്‍. ഇവരേയും വെറുതെ വിട്ടിട്ടുണ്ട്.