യെമൻ, ഒമാൻ തീരങ്ങളിലേക്ക് അതിവേഗത്തിലെത്തുന്ന അത്യന്തം വിനാശകാരിയായ ‘ ചപാല ’ ചുഴലിക്കാറ്റിന്റെ പ്രഹരശേഷി കുറഞ്ഞതായി റിപ്പോര്‍ട്ട്. എന്നാല്‍, ചുഴലിക്കാറ്റ് അടിച്ചുവീശുകയാണെങ്കില്‍ സംഭവിക്കാനിടയുള്ള എന്ത് ദുരന്തവും നേരിടാന്‍ ഒമാന്‍ സജ്ജമായി. മണിക്കൂറിൽ 220 കിലോമീറ്റർ വേഗത്തിൽ കാറ്റ് ആഞ്ഞടിക്കുമെന്നാണ് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
അതിവേഗത്തില്‍ പാഞ്ഞെത്തുന്ന ചപാലയുടെ ശക്തി നേരിയ തോതില്‍ കുറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. മണിക്കൂറിൽ 180–200 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാം എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാത്രി ഒൻപതു മണിയോടെ യെമൻ തീരത്തുകൂടി കരയിലേക്കു കയറി ശക്തി കുറയാനാണ് സാധ്യത. അറബിക്കടലില്‍ രൂപ്പപ്പെട്ട ചപാല ചുഴലിക്കാറ്റ് ഒമാനിലെ ദോഫാര്‍ മേഖലയില്‍ നിന്ന് ഏകദേശം 390 കിലോമീറ്റര്‍ ദൂരത്താണ് ഇപ്പോളുള്ളത്.
ദുരന്തം നേരിടാനും അപകടങ്ങള്‍ ഒഴിവാക്കാനും നിരവധി സൈനിക യൂണിറ്റുകള്‍ സലാലയിലത്തെി. ഹലാനിയാത്ത് ദ്വീപില്‍ നിന്ന് ഷലീമിലേക്ക് ഹെലികൊപ്റ്റര്‍ മാര്‍ഗം ആളുകളെ ഒഴിപ്പിച്ചു കഴിഞ്ഞു. ദോഫാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും , നാളെയും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. ഏറ്റവും പുതിയ സൂചനയനുസരിച്ച് കാറ്റിന്റെ ഗതി പടിഞ്ഞാറ് ഭാഗത്തേക്ക് മാറുന്നുണ്ട്.