ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

അഭിറാം മനോഹർ
ഞായര്‍, 10 നവം‌ബര്‍ 2024 (08:43 IST)
ഇന്ത്യ- കാനഡ നയതന്ത്രപ്രശ്‌നങ്ങള്‍ തുടരുന്നതിനിടെവിദേശവിദ്യാര്‍ഥികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് വിസ അനുവദിക്കുന്നത് അവസാനിപ്പിച്ച് കാനഡ. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം(എസ് ഡി എസ്) അടിയന്തിരമായി അവസാനിപ്പിക്കുന്നതായി ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസന്‍ഷിപ്പ് കാനഡ( ഐ ആര്‍ സി സി) വെള്ളിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് വളരെ വേഗത്തില്‍ രേഖകളുടെ പരിശോധനകള്‍ നടത്തുകയും ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ അംഗീകരിക്കുകയും ചെയ്തിരുന്ന കാനഡയുടെ പദ്ധതിയായിരുന്നു എസ് ഡി എസ്.
 
വിദേശവിദ്യാര്‍ഥികള്‍ക്ക് കാനഡയില്‍ തുടര്‍ വിദ്യാഭ്യാസം നേടാന്‍ കാലതാമസം വരാതിരിക്കാനായി 2018ലാണ് കാനഡ എസ് ഡി എസ് പദ്ധതി കൊണ്ടുവന്നത്. ഇന്ത്യ, ചൈന, ബ്രസീല്‍,പാകിസ്ഥാന്‍,വിയറ്റ്‌നാം,ഫിലിപ്പീന്‍സ് തുടങ്ങിയ 14 രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളെ മുന്നില്‍ കണ്ടായിരുന്നു പദ്ധതി. ഭാഷയും സാമ്പത്തിക ഭദ്രതയും മാത്രമാണ് ഇതിന് മാനദണ്ഡമാക്കിയിരുന്നത്. നവംബര്‍ എട്ടിന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിവരെ മാത്രമെ കാനഡ എസ് ഡി എസ് അപേക്ഷകര്‍ സ്വീകരിക്കുകയുള്ളു എന്നതാണ് അധികൃതര്‍ വ്യക്തമാക്കിയത്. അതിന് ശേഷമുള്ള അപേക്ഷകള്‍ സാധാരണ സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ പോലെയാകും ഇനി പരിഗണിക്കുക. കാനഡ ഈ സര്‍വീസ് നിര്‍ത്തലാക്കിയതോടെ അത് ഏറ്റവുമധികം ബാധിക്കപ്പെടുക ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാകും. ഇതോടെ ദൈര്‍ഘ്യമേറിയ വിസ നടപടികളിലൂടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നുപോകേണ്ടതായി വരും.

അനുബന്ധ വാര്‍ത്തകള്‍

Next Article