അമേരിക്കയിലെ ലാസ് വേഗസിലെ ചൂതാട്ടകേന്ദ്രത്തിൽ ഭീകരാക്രമണം: ഇരുപതോളം മൃതദേഹങ്ങൾ കണ്ടെത്തി, നിരവധിപേര്‍ക്ക് പരുക്ക്

തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (13:41 IST)
അമേരിക്കയിലെ ലാസ്‌ വെഗാസില്‍ ഉണ്ടായ വെടിവയ്പില്‍ ഇരുപതിലേറെ ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റതായും പൊലീസ് പറഞ്ഞു. മന്‍ഡാലേ ബേ റിസോര്‍ട്ടിലെ ചൂതാട്ടകേന്ദ്രത്തില്‍ നടക്കുന്ന സംഗീത പരിപാടിക്കിടെയാണ് വെടിവെയ്പ്പുണ്ടായത്. തോക്കുധാരികളായ രണ്ട് അക്രമികളാണ് വെടിവെയ്പ്പ് നടത്തിയതെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.   
 
രാത്രി പത്ത് മണിയോടെ കാസിനോയുടെ 32–ാം നിലയിലാണ് വെടിവയ്പുണ്ടായതെന്നാണു സമൂഹമാധ്യമങ്ങൾ പറയുന്നത്. പൊലീസ് നടത്തിയ പ്രതിരോധത്തില്‍ ഒരു അക്രമിക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്ഥലത്തെത്തിയ പൊലീസ് ക്ലബ്ബ് ഒഴിപ്പിച്ചു. അക്രമികളെ കീഴ്‌പെടുത്താനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 
 
നിരവധി കലാകാരന്മാരാണ് പരിപാടി അവതരിപ്പിക്കാനായി എത്തിയിരുന്നത്. വെടിവെപ്പില്‍ പരിഭ്രാന്തരായ ജനങ്ങള്‍ ഹോട്ടലിനു പുറത്തേക്കോടുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രണ്ടു പേര്‍ ചേര്‍ന്ന് തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആക്രമികള്‍ വന്നതെന്നു കരുതുന്ന കറുത്ത ഔഡി കാറിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍