അന്റോണിയോ ഗുട്ടെറസ് യുഎൻ സെക്രട്ടറി ജനറൽ

വ്യാഴം, 13 ഒക്‌ടോബര്‍ 2016 (20:42 IST)
പോർചുഗൽ മുൻ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെറസിനെ യുഎൻ സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തു. യുഎൻ പൊതുസഭ കൂടിയാണ് ഗുട്ടെറസിന്റെ നിയമനം അംഗീകരിച്ചത്. പത്തുവർഷത്തെ കാലാവധി പൂർത്തിയാക്കി സെക്രട്ടറി ബാൻ കി മൂൺ ഡിസംബർ 31നു സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ഗുട്ടെറസിന്റെ നിയമനം.

ജനുവരി ഒന്നിനായിരിക്കും ഗുട്ടെറസ് യുഎന്നിന്റെ ഒമ്പതാമത്തെ സെക്രട്ടറി ജനറലായി ഔദ്യോഗികമായി സ്ഥാനമേല്‍ക്കുക. 2022 ഡിസംബർ 31 വരെയാണ് ഗുട്ടെറസിന്റെ കാലാവധി.

കഴിഞ്ഞയാഴ്ച യുഎന്‍ രക്ഷാസമിതിയിലെ 15 അംഗ രാഷ്ട്രങ്ങള്‍ നടത്തിയ ചര്‍ച്ചക്കുശേഷമാണ് ഗുട്ടെറസിന്റെ പേര് പൊതുസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. 2005 മുതല്‍ പത്തുവര്‍ഷം യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ മേധാവിയായും പ്രവര്‍ത്തിച്ചു.

1995 മുതൽ 2002 വരെ പോർച്ചുഗീസ് പ്രധാനമന്ത്രിപദം വഹിച്ച ഗുട്ടെറസ് പിന്നീട് അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണറായി പ്രവർത്തിച്ചു. 67കാരനായ ഗുട്ടെറസിന് പോർച്ചുഗീസ്, സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യമുണ്ട്.

വെബ്ദുനിയ വായിക്കുക