ചരിത്രമെഴുതി; ക്യൂബയും അമേരിക്കയും എംബസികള്‍ തുറന്നു

ചൊവ്വ, 21 ജൂലൈ 2015 (08:17 IST)
ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടവും അമേരിക്കന്‍ ഭരണകൂടവുമായി അഞ്ച് ദശാബ്ദക്കാലമായി നിലനിന്നിരുന്ന ശത്രുതയ്‌ക്ക് വിരാമമിടാന്‍ പരസ്പരം എംബസികള്‍ തുറന്ന് നയതന്ത്ര സൗഹൃദത്തിന്റെ പുതിയ ചരിത്രത്തിലേക്ക് കാല്‍വെച്ചു. ഞായറാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് ഇരു രാജ്യങ്ങളുടെയും തലസ്ഥാന നഗരങ്ങളില്‍ നയതന്ത്ര കാര്യാലയങ്ങള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമായത്.

നയതന്ത്ര ബന്ധത്തില്‍ പുതിയ ചരിത്രമായിട്ടാണ് അമേരിക്കയില്‍ ക്യൂബന്‍ എംബസി തുറക്കുന്ന നിമിഷത്തെ ലോക രാജ്യങ്ങള്‍ കാണുന്നത്. അതേസമയം, ഇതൊരു തുടക്കംമാത്രമാണെന്നും ദശാബ്ദങ്ങളായി നിലനിന്ന ശത്രുത മാറ്റുക എളുപ്പമല്ളെന്നുമാണ് ഇരുരാജ്യങ്ങളിലെയും പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസവും നയതന്ത്രചര്‍ച്ചകളുമെല്ലാം ഇതോടെ നിര്‍ണായകമാകുകയാണ്.

ഡിസംബര്‍ 17ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും ക്യൂബന്‍ പ്രസിഡന്‍റ് റൗള്‍ കാസ്ട്രോയും ചേര്‍ന്നെടുത്ത തീരുമാനമാണ് ഇപ്പോഴത്തെ മഞ്ഞുരുകലിന് നിര്‍ണായകമായത്. ഇപ്പോഴുള്ള കടുപിടിത്തങ്ങള്‍ അവസാനിപ്പിക്കാനും ഒരുമിച്ച് സഹകരണം ഉറപ്പാക്കാനുമാണ് ധാരണയായത്. ഹവാനയിലും വാഷിങ്ടണിലുമായി നടന്ന തുടര്‍ച്ചയായ കൂടിയാലോചനകള്‍ക്കുശേഷമാണ് നയതന്ത്രബന്ധം പുന$സ്ഥാപിക്കാന്‍ തീരുമാനമായത്.

സഞ്ചാരനിയന്ത്രണങ്ങളുള്‍പെടെ പരിഹരിക്കപ്പെടാന്‍ പ്രശ്നങ്ങള്‍ ഇനിയുമേറെയാണെങ്കിലും അയല്‍രാജ്യങ്ങള്‍ക്കിടയില്‍ ചരിത്രപരമായ അകല്‍ച്ചക്ക് ഇതോടെ താല്‍ക്കാലിക വിരാമമാകും. എംബസി തുറന്നതിന്‍െറ തുടര്‍ച്ചയായി വാഷിങ്ടണില്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരായ ജോണ്‍ കെറിയും ബ്രൂണോ റോഡ്രിഗസും സംഭാഷണം നടത്തുന്നുണ്ട്.

ക്യൂബക്കുമേലുള്ള വ്യാപാര ഉപരോധം എടുത്തുകളയുക, അമേരിക്കക്കാര്‍ക്ക് ക്യൂബയിലേക്കുള്ള സഞ്ചാര നിയന്ത്രണം എടുത്തുകളയുക തുടങ്ങിയ നിര്‍ണായക വിഷയങ്ങളിലും അടുത്ത ദിവസങ്ങളിലായി ആശയവിനിമയം നടക്കും. യുഎസ് കോണ്‍ഗ്രസിന്റെ  അനുമതിയില്ലാതെ ക്യൂബക്കു മേലുള്ള ഉപരോധം എടുത്തുകളയാനാകില്ളെന്നതാണ് പ്രധാന തടസ്സം.

വെബ്ദുനിയ വായിക്കുക