പല്ലു തേക്കാത്തതിന് അമ്മ മകളെ ചവിട്ടിക്കൊന്നു. അമേരിക്കയിലെ മേരിലാന്‍ഡിലെ ഗെയ്‌തേര്‍സ്ബര്‍ഗിലാണ് സംഭവം. നാലുവയസ്സുകാരിയായ നോഹെലി അലക്‌സാന്‍ഡ്രയ്ക്കാണ് ഈ ദാരുണാന്ത്യം സംഭവിച്ചത്.
സംഭവത്തിൽ ഐറിസ് ഹെര്‍നാന്‍ഡസ് റിവാസ് എന്ന 20 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മകള്‍ ബാത്ത്ടബ്ബില്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ട ഇവര്‍ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. കുളിക്കാൻ പോയ മകളെ 15 മിനിട്ട് കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നാണ് ബാത്റൂമിൽ ചെന്ന് നോക്കിയതെന്നും അപ്പോഴാണ് മകളെ ബോധരഹിതയായി കണ്ടതെന്നും ഇവർ പൊലീസിനോട് പറഞ്ഞു.
എന്നാൽ, ഒരു മണിക്കൂറിന് ശേഷം മാത്രമാണ് അമ്മ പോലീസില്‍ വിവരമറിയിച്ചതെന്ന് ഫോക്‌സ്5 റിപ്പോര്‍ട്ട് ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ സത്യം പറഞ്ഞത്. പല്ല് തേക്കാത്തതിനെത്തുടര്‍ന്നുണ്ടായ കോപത്തില്‍ താന്‍ കുട്ടിയുടെ വയറില്‍ ചവിട്ടിയതായി ഐറിസ് പിന്നീട് പോലീസിനോട് സമ്മതിച്ചു. ചവിട്ടേറ്റതിന്റെ ആഘാതത്തില്‍ ചുമരില്‍ തലയിടിച്ചാണ് കുട്ടി വീണതെന്നും അവര്‍ കുറ്റസമ്മതം നടത്തി.
സമീപത്തെ ആസ്പത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നെന്നും തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
(ചിത്രത്തിന് കടപ്പാട്: എം സി പി ന്യൂസ്)