26/11: ലഖ്‌വിയും ഷായും കുറ്റം സമ്മതിച്ചു

വ്യാഴം, 30 ജൂലൈ 2009 (09:35 IST)
മുംബൈ ഭികരാക്രമണക്കേസില്‍ പാകിസ്ഥാനില്‍ വിചാരണ നേരിടുന്ന ലഷ്കര്‍ നേതാക്കളായ സക്കിവുര്‍ റഹ്‌മാന്‍ ലഖ്‌വി, സരാര്‍ ഷാ എന്നിവര്‍ കുറ്റസമ്മതം നടത്തിയതായി പാക് പത്രമായ ഡോണ്‍ ന്യൂസ്. എന്നാല്‍, പാക് അധികൃതര്‍ ഇക്കാര്യം പരസ്യപ്പെടുത്തിയിട്ടില്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ലഷ്കറിനുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവ് പാക് അന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്.

ജൂലൈ 11ന് പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയ പുതിയ റിപ്പോര്‍ട്ടില്‍ ലഷ്കറിനെതിരെ കാര്യക്ഷമമായ തെളിവുകള്‍ അവരുടെ കറാച്ചിയിലെ ക്യാംപില്‍ നിന്ന് ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു. കണ്ടെത്തിയ തെളിവുകള്‍ കേസിന്‍റെ വിചാരണ നടക്കുന്ന ആദില ജയിലിലെ ഭീകര വിരുദ്ധ കോടതിയിലും സംഘം സമര്‍പ്പിച്ചിട്ടുണ്ട്.

ലഖ്‌വിയാണ് ആക്രമണത്തിന്‍റെ സൂത്രധാരനെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിട്ടുണ്ട്. സരാര്‍ ഷാ, ഹമദ് അമീന്‍ സാദിഖ്, അല്‍ ഖാമ, ഷാഹിദ് ജമാല്‍ റിയാസ് എന്നിവരാണ് കേസില്‍ അറസ്റ്റിലുള്ള ലഷ്കര്‍ നേതാക്കള്‍. ലഖ്‌വി, സരാര്‍ ഷാ, അല്‍ ഖാമ എന്നിവ ചേര്‍ന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ആക്രമണം നടത്തിയവരുമായി വാര്‍ത്താ വിനിമയം നടത്തിയത് സരാര്‍ ഷാ ആണ്. ഇതില്‍ ലഖ്‌വിയും സരാര്‍ ഷായും മാത്രമാണ് കുറ്റം സമ്മതിച്ചിട്ടുള്ളതെന്നും അധികൃതര്‍ ഇത് രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണ പദ്ധതി സംബന്ധിച്ച നിര്‍ദ്ദേശങ്ങളും പരിശീലന മാനദണ്ഡങ്ങളും അടങ്ങിയ കയ്യെഴുത്ത് ഡയറി ലഷ്കറിന്‍റെ ക്യാം‌പില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇന്ത്യന്‍ തീരദേശത്തിന്‍റെ ഭൂപടങ്ങളും കണ്ടെടുത്തതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. കറാച്ചിക്കടുത്തുള്ള ഫസീസാബാദിലാണ് പരിശീലനം നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

വെബ്ദുനിയ വായിക്കുക