കാനഡയില്‍ അതിശൈത്യം, വിമാനയാത്രക്കാര്‍ മൈനസ് 30 ഡിഗ്രി തണുപ്പില്‍ കുടുങ്ങിയത് 16 മണിക്കൂര്‍

തിങ്കള്‍, 21 ജനുവരി 2019 (11:03 IST)
കാനഡയില്‍ അതിശൈത്യം തുടരുന്നു. ഇതേത്തുടര്‍ന്ന് വിമാനസര്‍വീസുകള്‍ മിക്കതും റദ്ദാക്കി. അമേരിക്കയില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് പോയ വിമാനം കാനഡയില്‍ മണിക്കൂറുകളോളം കുടുങ്ങിയത് യാത്രക്കാരെ ഗുരുതരമായി വലച്ചു. മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്നാണ് വിമാനം കാനഡയില്‍ ഇറക്കേണ്ടിവന്നത്. എന്നാല്‍ കൊടും‌തണുപ്പില്‍ വിമാനത്തിന്‍റെ വാതില്‍ അടയാതെ വരികയും 16 മണിക്കൂര്‍ സമയം യാത്രക്കാര്‍ ദുരിതത്തിലാകുകയും ചെയ്തു.
 
ന്യൂജഴ്‌സിയിലെ ന്യൂമാര്‍ട്ടില്‍നിന്നാണ് 250 യാത്രക്കാരുമായി യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം ഹോങ്കോങ്ങിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ യാത്രയ്ക്കിടെ ഒരാള്‍ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് വിമാനം അടിയന്തരമായി കാനഡയിലെ ഗൂസ് ബേ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. ഗൂസ് ബേ വിമാനത്താവളത്തില്‍ ശനിയാഴ്ച രാത്രി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല.
 
വിമാനത്തിന്‍റെ വാതില്‍ കൊടും തണുപ്പില്‍ ഉറഞ്ഞുപോയി. ഇതിനാല്‍ വാതില്‍ അടയ്ക്കാനായില്ല. യാത്രക്കാര്‍ക്ക് പുറത്തിറങ്ങാനും കഴിഞ്ഞില്ല. മൈനസ് 30 ഡിഗ്രിയില്‍ 16 മണിക്കൂര്‍ സമയം യാത്രക്കാര്‍ വിമാനത്തില്‍ കുടുങ്ങി. വിമാനജീവനക്കാര്‍ നല്‍കിയ കമ്പിളിയും മറ്റ് കാര്യങ്ങളുമൊന്നും തണുപ്പകറ്റാന്‍ പര്യാപ്തമായില്ല. ഒടുവില്‍ മററ്റൊരു വിമാനം കൊണ്ടുവന്ന് യാത്രക്കാരെ അതിലേക്ക് മാറ്റി. തുടര്‍ന്ന് ഈ വിമാനം ന്യൂജഴ്സിയിലേക്ക് തിരിച്ചുപറന്നു. വലിയ ദുരിതം അനുഭവിച്ച യാത്രക്കാര്‍ പുറപ്പെട്ടയിടത്തുതന്നെ തിരിച്ചെത്തുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍